കൂത്തുപറമ്പ് : ചെറിയൊരു ഇടവേളയ്ക്കുശേഷം കൂത്തുപറമ്പിൽ കൂട്ടത്തോടെ വീണ്ടും കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ടുചെയ്തത് നഗരത്തെ ആശങ്കയിലാക്കി. കൂത്തുപറമ്പ് അഗ്നിരക്ഷാ നിലയത്തിലെ അഞ്ച് ഉദ്യോഗസ്ഥർക്കാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കേന്ദ്രങ്ങളിൽ സുരക്ഷാവസ്ത്രങ്ങളുമണിഞ്ഞായിരുന്നു രക്ഷാസേനയുടെ പ്രവർത്തനം. സർവെയലൻസ് പരിശോധനയിലാണ് അഞ്ചുപേർക്കും കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നാലുപേർക്കും ബുധനാഴ്ച ഒരാൾക്കുമാണ് രോഗം കണ്ടെത്തിയത്.

ഈമാസം അഞ്ച് മുതൽ 11 വരെയുള്ള ബാച്ചിൽ ജോലിചെയ്തവർക്കാണ് രോഗബാധ ഉണ്ടായത്. ഇവർക്ക് എവിടെനിന്ന് രോഗം ബാധിച്ചു എന്നറിയാത്തതും ഇവരുടെ സമ്പർക്കപ്പട്ടിക വിപുലമാണെന്നതും ആശങ്ക ഇരട്ടിയാക്കുന്നു. അഗ്നിരക്ഷാ നിലയത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയും സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരേയും നിരീക്ഷണത്തിലാക്കുകയുംചെയ്തിട്ടുണ്ട്.അഗ്നിരക്ഷാനിലയം ഉൾപ്പെടുന്ന മൂര്യാട് മേഖലയിൽ ചെറു റോഡുകൾ ഉൾപ്പെടെ പോലീസ് പൂർണമായും അടച്ചു. വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ അടച്ചിട്ടിരിക്കുകയാണ്.

അത്യാവശ്യകാര്യങ്ങൾക്ക് മാത്രമാണ് കാൽനടയാത്ര പോലും അനുവദിക്കുന്നത്. കൂത്തുപറമ്പ് സി.ഐ. ബിനു മോഹൻ, എസ്.ഐ. പി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് റോഡുകൾ അടച്ചത്. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പി.ബാബു, ജെ.എച്ച്.ഐ. ബാബു പനക്കാടൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

രോഗബാധ സ്ഥിരീകരിക്കപെട്ട ഉദ്യോഗസ്ഥരുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നേരത്തെ കൂത്തുപറമ്പ് നഗരസഭയിൽ പ്രത്യേകിച്ച് മൂര്യാട് മേഖലയിൽ കോവിഡ് ബാധിതരുടെ എണ്ണം വളരെ കൂടുതലായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരായിരുന്നു. ഇവരെല്ലാം രോഗമുക്തി നേടിയതിനുശേഷമാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരിൽ ഒരാൾ ആമ്പിലാട് വാക്കുമ്മൽ സ്വദേശിയാണ്. ഇതേത്തുടർന്ന് പ്രദേശം കണ്ടെയ്‌ൻമെൻറ് സോണാക്കി.

കർശന നിയന്ത്രണങ്ങൾ

കൂത്തുപറമ്പ് : കൂത്തുപറമ്പിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. അഗ്നിരക്ഷാ നിലയം സ്ഥിതിചെയ്യുന്ന മൂര്യാട് മേഖല പൂർണമായും പോലീസ് വലയത്തിലാക്കി. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ വൈകുന്നേരം നാല് മണി വരെ മാത്രമെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. നഗരസഭയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

മൂര്യാട് മേഖലയിലെ ചെറു റോഡുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചു. അവശ്യ സാധനങ്ങൾ വൊളന്റിയർമാർ വീടുകളിലെത്തിക്കും. അഗ്നിരക്ഷാ നിലയത്തോട് ചേർന്നുള്ള നഗരസഭാ ഹോമിയോ ഡിസ്പെൻസറി അടച്ചിട്ടു. ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഉദ്യോഗസ്ഥരുമായി കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ അടുത്ത സമ്പർക്കമുണ്ടായ നൂറോളം പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. വാക്കുമ്മൽ-പഴയനിരത്ത് റോഡ്, മാങ്കിമുക്ക്-എം.ഇ.എസ്. സ്കൂൾ റോഡ് എന്നിവ അടച്ചു. ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ ലോഡുമായി എത്തുന്ന ചരക്ക് വാഹനങ്ങൾ ഏഴര മണിക്ക് മുൻപായി ചരക്കിറക്കണം. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽനിന്ന്‌ എത്തുന്ന മുഴുവൻ ലോറി ഡ്രൈവർമാരെയും വ്യാഴാഴ്ചമുതൽ തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കും.

നഗരസഭാ പരിധിയിൽ വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയിൽ കൂടുതൽ ആളുകൾ പങ്കെടുത്താൽ കേസെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. അവലോകനയോഗത്തിൽ നഗരസഭാ ചെയർമാൻ എം.സുകുമാരൻ അധ്യക്ഷനായിരുന്നു. കൂത്തുപറമ്പ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ വിനു മോഹൻ, താലൂക്ക് ആസ്പത്രി സൂപ്രണ്ട് ഡോ. എം.പി.ജീജ, നഗരസഭാ സെക്രട്ടറി കെ.കെ.സജിത്ത്‌കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പി.ബാബു, സ്റ്റാൻഡിറിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

പാനൂർ നഗരസഭാ കാര്യാലയത്തിൽ നിയന്ത്രണം

പാനൂർ : സമ്പർക്കം വഴി കോവിഡ് വ്യാപനം വർധിച്ചതോടെ പാനൂർ നഗരസഭാ കാര്യാലയത്തിൽ ജനങ്ങൾക്ക് ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. അപേക്ഷകൾ കാര്യാലയത്തിലെ പ്രത്യേക പെട്ടിയിലിടണം. അടിയന്തര സ്വഭാവമനുസരിച്ച് പരിഗണിച്ച് തീരുമാനമെടുക്കും. അത്യാവശ്യ കാര്യങ്ങൾക്ക് കൗൺസിലർമാർ മുഖേന ഓൺലൈൻ, ഫോൺ മുഖേന സെക്രട്ടറി, സുപ്രണ്ട്, എച്ച്.ഐ. എന്നിവരുമായി ബന്ധപ്പെടാം. പണമിടപാട് ഉണ്ടായിരിക്കില്ലെന്നും സെക്രട്ടറി പറഞ്ഞു.

നഗരസഭാധ്യക്ഷ, സെക്രട്ടറി അടക്കം കാര്യാലയത്തിലെ 14 പേർ ചൊവ്വാഴ്ച കോവിഡ് പരിശോധനയ്ക്ക് വിധേയരായി.

കുന്നോത്തുപറമ്പിൽ ഒരാഴ്ച കടകൾ അടച്ചിടും

പാനൂർ : കുന്നോത്തുപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ പാറാട് സർവീസ് സ്റ്റേഷൻ മുതൽ മീത്തലെ കുന്നോത്തുപറമ്പ് സ്നേഹതീരം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‌ സമീപത്തെ ഉത്തമൻ പീടിക വരെയുള്ള മുഴുവൻ കടകളും ഒരാഴ്ച പൂർണമായും അടച്ചിടാൻ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചു.

റോഡിന്റെ പടിഞ്ഞാറ്്‌ പുത്തൂർ പുഴ അതിർത്തിയായും കക്കോട് വയൽ എൽ.പി. സ്കൂൾ റോഡ് വരെയുമുള്ള പ്രദേശങ്ങളിൽ മെഡിക്കൽ സ്ഥാപനങ്ങളൊഴികെ മുഴുവൻ ഇടവഴികളിലുമുള്ള മറ്റ് എല്ലാ സ്ഥാപനങ്ങളും കടകളും അടച്ചിടുമെന്ന് പ്രസിഡൻറ്്‌ കരുവാങ്കണ്ടി ബാലൻ അറിയിച്ചു. പാറാട് മേഖല ശനിയാഴ്ച മുതൽ സമ്പൂർണ ലോക്‌ ഡൗണിലാണ്.

കോയ്യാറ്റിൽ റോഡുകൾ അടച്ചു

ചിറ്റാരിപ്പറമ്പ് : സമ്പർക്കംവഴി കോവിഡ് സ്ഥിരീകരിച്ച ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിൽ റോഡുകൾ അടച്ചു. കഴിഞ്ഞദിവസം കോയ്യാറ്റിലെ അഗ്നിരക്ഷാ സേന ജീവനക്കാരനാണ് സമ്പർക്കംവഴി കോവിഡ് സ്ഥിരീകരിച്ചത്. കോയ്യാറ്റിൽ - കാഞ്ഞിരപ്പുഴ പാലം റോഡ്, ഇടുമ്പ-പാപ്പരണ റോഡുകളാണ് അടച്ചത്. കോയ്യാറ്റിലെ കള്ള് ഷാപ്പും കടകളും അധികൃതർ അടപ്പിച്ചു. കോവിഡ് ബാധിതന്റെ വീട്ടിന് സമീപത്തെ മുപ്പത്തിയഞ്ചോളം വീട്ടുകാരോടും കുടുംബാംഗങ്ങൾ ബന്ധപ്പെട്ട കുടുംബശ്രീ, തൊഴിലുറപ്പ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടർ 14 ദിവസം നിരീക്ഷണത്തിൽ കഴിയാനും അധികൃതർ നിർദേശിച്ചു.

അണിയാരവും ഭീതിയിൽ

പെരിങ്ങത്തൂർ : പാനൂർ നഗരസഭയിലെ അണിയാരവും പരിസരപ്രദേശങ്ങളും കോവിഡ് ഭീതിയിൽ. കഴിഞ്ഞദിവസം 35ാം വാർഡിൽ ഒരു വീട്ടിലെ ആറ് പേരുൾപ്പെടെ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രദേശം പൂർണമായി അടച്ചിരിക്കുകയാണ്.

ജൂൺ 28-ന് അണിയാരത്തെ മരണവീട്ടിൽ കഴിഞ്ഞ ആറുപേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഉറവിടമറിയാത്തതിനാൽ ഇവിടെയെത്തിയ 130 പേരെ ആരോഗ്യ വകുപ്പ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ 80 പേരെ സ്രവപരിശോധനയ്ക്കായി അയച്ചു. നേരത്തെ നടത്തിയ പരിശോധനാഫലവും വരാനുണ്ട്. കോഴിക്കോട് ജില്ലയിലെ തൂണേരിയിൽനിന്ന് ഇതേ മരണവീടുമായി ബന്ധപ്പെട്ടെത്തിയ അമ്പതോളം പേർക്ക് ബുധനാഴ്ച കോവിഡ് കണ്ടെത്തിയത് മേഖലയെ കൂടുതൽ ആശങ്കയിലാക്കി. തൂണേരി സമ്പൂർണ ലോക്ക് ഡൗണിലാണ്.

അണിയാരത്തിന്റെ സമീപപ്രദേശങ്ങളായ നഗരസഭയിലെ തന്നെ പുല്ലൂക്കര മുക്കിൽ പീടിക, പെരിങ്ങത്തൂർ എന്നീ ടൗണുകളും തൃപ്രങ്ങോട്ടുരിലെ കടവത്തൂരും പൂർണമായും അടച്ചിട്ടില്ല. ഇവിടെ ആളുകൾ വ്യാപകമായി കൂട്ടംകൂട്ടുന്നതും കടകളിൽനിന്ന് ഭക്ഷണം കഴിക്കുന്നതും വർധിച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ അധികൃതർ ഉച്ചഭാഷിണിയിലൂടെ ജാഗ്രതാമുന്നറിയിപ്പ് നൽകി. ആളുകൾ നിർദേശങ്ങൾ പാലിക്കണമെന്ന് പെരിങ്ങളം മെഡിക്കൽ ഓഫീസർ ഡോ. എം.കെ.ധന്യ അറിയിച്ചു.

ചോമ്പാല തുറമുഖം: പ്രവേശനം തിരിച്ചറിയൽ കാർഡ് വഴി

മയ്യഴി : ചോമ്പാല തുറമുഖത്ത് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഹാർബർ മാനേജ്മെൻറ് കമ്മിറ്റി തീരുമാനിച്ചു. ഹാർബറിനുള്ളിൽ കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാൻ കഴിയാതെ പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിലാണിത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ ജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല. രാവിലെ എട്ടുമുതൽ അഞ്ചുവരെ മാത്രമായി പ്രവർത്തനസമയം ക്രമീകരിച്ചു. അധികൃതർ നൽകുന്ന തിരിച്ചറിയൽ കാർഡുള്ള തൊഴിലാളികൾക്കും കച്ചവടക്കാർക്കും മാത്രമാണ്‌ ഹാർബറിനുള്ളിൽ പ്രവേശനം. മത്സ്യവിതരണ തൊഴിലാളികളും വില്പനക്കാരും ഒന്നരമണിക്കൂറിൽ കൂടുതൽ സമയം ഹാർബറിനുള്ളിൽ നിൽക്കരുത്‌. അകലം പാലിക്കാൻ ആറ്‌ കൗണ്ടറുകൾ ലേലപ്പുരയിൽ ഒരുക്കും. പഞ്ചായത്തംഗം കെ.ലീല അധ്യക്ഷത വഹിച്ചു. വടകര കൺട്രോൾ റൂം ഡിവൈ.എസ്.പി. രാഗേഷ് കുമാർ, ചോമ്പാല സി.ഐ. ടി.പി.സുമേഷ്, കോസ്റ്റൽ സി.ഐ. കെ.ആർ.ബിജു, എസ്.ഐ.നിഖിൽ, ഹാർബർ എൻജിനീയർ അജിത്ത് കുമാർ, വില്ലേജ് ഓഫീസർ റിനീഷ്, മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങൾ എന്നിവർ പങ്കെടുത്തു.