കൂത്തുപറമ്പ് : മാങ്ങാട്ടിടം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അനധികൃത വഴിയോര വ്യാപാര സ്ഥാപനങ്ങൾക്കെതിരേ നടപടി തുടങ്ങി. പത്തോളം സ്റ്റാളുകൾ പൊളിച്ചുമാറ്റി. പോലീസിന്റെ സഹായത്തോടെയായിരുന്നു പഞ്ചായത്തിന്റെ നടപടി. കെ.എസ്.ടി.പി. റോഡിൽ മൂന്നാംപീടികമുതൽ മെരുവമ്പായിവരെയുള്ള ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പച്ചക്കറി സ്റ്റാളുകൾ, ഫ്രൂട്ട്സ് സ്റ്റാളുകൾ, തട്ടുകടകൾ എന്നിവയാണ് പൊളിച്ചുമാറ്റിയത്.

കൂത്തുപറമ്പ്-നിടുംപൊയിൽ റോഡിൽ കൈതേരി ഭാഗത്ത് പ്രവർത്തിക്കുന്ന ഏതാനും കച്ചവടസ്ഥാപനങ്ങളും പൊളിച്ച് മാറ്റിയിട്ടുണ്ട്. അതേസമയം പഞ്ചായത്തിന്റെ ലൈസൻസോടെ റോഡരികിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം മാങ്ങാട്ടിടം പഞ്ചായത്ത് ഓഫീസിൽ നടന്ന കോവിഡ് അവലോകന യോഗം അനധികൃത വ്യാപാരസ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനസാധ്യത കണക്കിലെടുത്തായിരുന്നു ഇത്. സ്ഥാപനങ്ങൾ പൊളിച്ചുമാറ്റണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉടമകൾ അനുസരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസിന്റെ സഹായത്തോടെ പൊളിച്ച് മാറ്റൽ. കൂത്തുപറമ്പ് എസ്.ഐ. പി. ബിജു, അഡീഷണൽ എസ്.ഐ. അനിൽകുമാർ, പഞ്ചായത്ത് ജീവനക്കാരായ കെ.ബി. പ്രശാന്ത്, വി.സി. പ്രസൂൺ, പി. ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.