Koothuparampuകൂത്തുപറമ്പ്: പൊന്ന് കായ്ക്കുന്ന മരമാണേലും പുരക്കുചാഞ്ഞാൽ മുറിക്കണം എന്നാണ് ചൊല്ല്. എന്നാൽ, ഇതിനുകഴിയാത്ത അവസ്ഥയിലാണ് മാങ്ങാട്ടിടം കൈതച്ചാലിലെ അജയ വായനശാലാ പ്രവർത്തകർ. തങ്ങൾ നട്ടുവളർത്തിയ തണൽമരം അപകടാവസ്ഥയിൽ തലയ്ക്കുമീതെ ചാഞ്ഞുനിൽക്കുമ്പോഴും നിസ്സഹായാവസ്ഥയിൽ നോക്കിനിൽക്കേണ്ട അവസ്ഥയിലാണിവർ. വായനശാലയ്ക്കുമുകളിൽ ചാഞ്ഞുനിൽക്കുന്ന മരം മുറിച്ചുമാറ്റാൻ മൂന്നുവർഷത്തോളമായി അധികൃതർക്ക് നിവേദനം നൽകിയിട്ടും നടപടികളൊന്നും ഉണ്ടായില്ല.

ശക്തമായ മഴയോ കാറ്റോ ഉണ്ടായാൽ കടപുഴകിവീഴുമെന്ന സ്ഥിതിയിലാണ് മരം. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വർഷങ്ങൾക്കുമുൻപ് റോഡരികിൽ നട്ട മരമാണിപ്പോൾ നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്. പൊതുസ്ഥലത്തെ മരമായതിനാൽ മുറിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന തിരിച്ചറിവാണ് വായനശാലാ പ്രവർത്തകരെ ഇതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. വായനശാലയ്ക്കും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും പുറമെ ശാരീരികവൈകല്യം നേരിടുന്ന വ്യക്തിയുടെ പെട്ടിക്കടയും മരത്തിന് താഴെയാണുള്ളത്. കഴിഞ്ഞ കാലവർഷത്തിൽ മരത്തിന്റെ ഉണങ്ങിയ ശിഖരം പൊട്ടിവീണ് വായനശാലയ്ക്ക് കേടുപറ്റിയിരുന്നു. അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ പി.ഡബ്ല്യു.ഡി. അധികൃതർക്കും വനംവകുപ്പിനും നിരവധിതവണ പരാതികൾ നൽകിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലനിൽക്കെ അധികൃതർ അനാസ്ഥ തുടരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. മരം മുറിച്ചുമാറ്റാൻ അടിയന്തരമായി നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.