കൂത്തുപറമ്പ്: ലക്ഷക്കണക്കിന് വിശ്വാസികളെത്തുന്ന ശബരിമലയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തീർത്ഥാടകർക്ക് പരാതിയില്ലാതെയാണ് മണ്ഡലകാലം കഴിഞ്ഞത്.

പരാതികളുണ്ടായത് മറ്റുചിലർക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ്. പടുവിലായി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാളാങ്കിച്ചാലിൽ നടന്ന ബഹുജനസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയിൽ വിശ്വാസികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സർക്കാരിന്റെ നേതൃത്വത്തിൽ കൂടുതൽ ഇടത്താവളങ്ങൾ ആരംഭിക്കും. ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതികളാണ് എൽ.ഡി.എഫ്. സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ദേശിയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, മലയോര ഹൈവേ നിർമാണം, ദേശിയ ജലപാത എന്നിവയെല്ലാം പൂർത്തിയായിവരികയാണ്. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ നടപ്പാക്കാൻ സർക്കാരിന് സാധിച്ചു.

എന്നാൽ കേന്ദ്രംഭരിക്കുന്ന ബി.ജെ.പി. സർക്കാർ വാഗ്‌ദാനങ്ങൾ നടപ്പാക്കിയില്ലെന്ന് മാത്രമല്ല തിരഞ്ഞെടുപ്പുകാലത്ത് ഇറക്കിയ പ്രകടനപത്രിക അംഗീകരിക്കാൻപോലും തയ്യാറായില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അത്തിക്ക സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. സി.പി.ഐ. നേതാവ് സി.എൻ.ചന്ദ്രൻ, പി.ബാലൻ, കെ.ശശിധരൻ, പി.ഭാർഗവൻ തുടങ്ങിയവർ സംസാരിച്ചു.