കണ്ണൂർ: പ്രതീക്ഷയോടെ കാത്തിരുന്നിട്ടും ‘റാണി’ക്ക് സന്താനഭാഗ്യമുണ്ടായില്ല. ഇണചേർന്നശേഷം റാണിയെ പ്രത്യേക കൂട്ടിൽ വിട്ടതായിരുന്നു. എന്നാൽ നിശ്ചിതകാലം കഴിഞ്ഞിട്ടും മുട്ടയിടാത്തതിനാൽ റാണിയെ വീണ്ടും ‘രാജ’യോടൊപ്പം പാർപ്പിച്ചുതുടങ്ങി. പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെത്തുന്ന സന്ദർശകർക്ക് ഇപ്പോൾ രണ്ട് രാജവെമ്പാലകളെയും ഒരുമിച്ച് കാണാം. ഏറിവരുന്ന സന്ദർശകരുടെ താത്‌പര്യം കൂടി കണക്കിലെടുത്താണ് രണ്ടിനെയും ഒരുമിച്ച് പാർപ്പിക്കുന്നത്.

റാണി മുമ്പ് മുട്ടയിട്ടിരുന്നു. ആദ്യത്തെ തവണ ഒന്നും വിരിഞ്ഞില്ല. രണ്ടാം തവണ 11 മുട്ടകൾ ഇട്ടതിൽ നാലെണ്ണം വിരിഞ്ഞു. ഒന്നും ബാക്കിയായില്ല. രാജവെമ്പാലകളുടെ മുട്ടകൾക്ക് അതിജീവനശേഷി കുറവാണ്.

ഇണചേർന്ന് രണ്ടുമാസം കഴിഞ്ഞാൽ ഉണങ്ങിയ ഇലകൾകൊണ്ട് കൂടുണ്ടാക്കി അതിൽ മുട്ടയിടുന്നതാണ് രാജവെമ്പാലകളുടെ രീതി. മുട്ടവിരിയാൻ 90-103 ദിവസം വരെയെടുക്കും. ജനുവരിമുതൽ മേയ്‌വരെയുള്ള മാസങ്ങളിലാണ് പൊതുവിൽ രാജവെമ്പാലകൾ ഇണചേരുന്നത്. ഇണചേർന്നില്ലെങ്കിലും പാമ്പുകൾ മുട്ടയിടുമെങ്കിലും വലുപ്പം കുറവായിരിക്കും. ആകൃതിയിലും വ്യത്യാസമുണ്ടാകും.

കഴിഞ്ഞ ഏപ്രിൽ പകുതിയിൽ പാമ്പുകൾ ഇണചേരുന്നത് സി.സി.ടി.വി.യിൽ വ്യക്തമായി കണ്ടിരുന്നു. ഇതിനുശേഷമാണ് പെൺപാമ്പിനെ പ്രത്യേകം കൂട്ടിൽ പാർപ്പിച്ചത്. എന്നാൽ സമയപരിധികഴിഞ്ഞിട്ടും മുട്ടയിടാത്തതിനാൽ വീണ്ടും ഇവയെ ഒരുമിച്ച് പാർപ്പിച്ചുതുടങ്ങി.