കേളകം: കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ മഴക്കെടുതിയിൽ വാഴക്കർഷകർ നേരിടുന്നത് വലിയ ദുരിതം. ഓണ വിപണിയെ ലക്ഷ്യമാക്കിവെച്ച ആയിരക്കണക്കിനുവാഴകളാണ് കാലവർഷക്കെടുതിയിൽ നശിച്ചത്. ഈ മൂന്നുപഞ്ചായത്തുകളിലായി 15,000 വാഴകൾ നശിച്ചെന്നാണ് പ്രാഥമിക വിവരം. നശിച്ചതിനലേറെയും കുലച്ചവാഴകളാണ്.

ചുങ്കക്കുന്നിൽ ബാവലിപ്പുഴക്കരയിൽ സോണി മലമേൽപുത്തൻപുര എന്ന യുവകർഷകന്റെ 1200-ഓളം വാഴകളാണ് ഇത്തവണ നശിച്ചത്. 1500-ഓളം വാഴകളാണ് ഉണ്ടായിരുന്നത്. ഏഴാം തീയതി രാത്രിയാണ് എല്ലാം നശിച്ചത്. കഴിഞ്ഞവർഷവും പ്രളയത്തിൽ കൃഷി നാശമുണ്ടായിരുന്നു. അന്ന് 800 വാഴകളാണ് നശിച്ചത്. 64000 രൂപ നഷ്ടപരിഹാരമായി കണക്കാക്കിയിരുന്നു. 4000 രൂപ കിട്ടി. ബാക്കി ഫണ്ടുവരുന്നതിനനുസരിച്ച്‌ തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം ബാങ്കിൽനിന്ന്‌ കാർഷിക ലോണെടുത്ത് കൃഷിചെയ്തതാണ്. തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ഇത്തവണ ലോൺ കിട്ടിയില്ല. അതുകൊണ്ട് പലരിൽനിന്നും കടംവാങ്ങിയ തുകയ്ക്കാണ് കൃഷിചെയ്തത്. ഇപ്പോൾ അതും നശിച്ചു. രണ്ടുതവണ ജില്ലയിലെ മികച്ച പച്ചക്കറി കർഷകനുള്ള പുരസ്കാരം കിട്ടിയ കൃഷിക്കാരനാണ് ഞാൻ. കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണിന്ന് -അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷത്തെ നഷ്ടപരിഹാരം പൂർണമായും കിട്ടാത്ത മറ്റുരണ്ടു കർഷകർ കൂടിയുണ്ട് കൊട്ടിയൂരിൽ. പാൽച്ചുരത്തെ ജോർജ് പനച്ചിയിലും അമ്പായത്തോട്ടിലെ ഭദ്രൻ നായരും.

ചുങ്കക്കുന്നിൽത്തന്നെ തോമസ് മൂകാലയിൽ, ജോൺ മണവാളൻ തുടങ്ങിയവരുടെ വാഴത്തോട്ടങ്ങളും നശിച്ചിട്ടുണ്ട്. കൊട്ടിയൂർ പഞ്ചായത്തിൽ അമ്പായത്തോട്, ചപ്പമല തുടങ്ങിയ സ്ഥലങ്ങളിലെ വാഴക്കർഷകർക്കും വ്യാപകമായി നാശമുണ്ടായി. കേളകം പഞ്ചായത്തിൽ നാനാനിപ്പൊയിൽ, പെരുന്താനം ഭാഗങ്ങളിലും ആയിരക്കണക്കിന്‌ വാഴകളാണ് നശിച്ചത്. ചുഴലിക്കാറ്റിനെത്തുടർന്നായിരുന്നു ഇവിടെ നാശമുണ്ടായത്. കണിച്ചാർ പഞ്ചായത്തിൽ മാത്രം 5400 വാഴകൾ നശിച്ചിരുന്നു. ഇതിൽ 4200-ഉം കുലച്ചവാഴകളാണ്. കേളകം പഞ്ചായത്തിലും ഏകദേശം ഇത്രത്തോളം വാഴകൾ നശിച്ചിട്ടുണ്ട്. കൃഷിനാശം സംഭവിച്ചതിന്റെ അപേക്ഷകൾ ഇപ്പോഴും കൃഷിഭവനുകളിലെത്തുന്നുണ്ട്. അന്തിമ കണക്കുകൾ ശേഖരിച്ചുകഴിയുമ്പോൾ മാത്രമേ നഷ്ടത്തിന്റെ വ്യാപ്തി എത്രത്തോളമെന്ന് കൃത്യമായി വിലയിരുത്താനാകൂ.