കേളകം : അടയ്ക്കയ്ക്ക് വിപണിയിൽ നല്ല വില ലഭിക്കുന്നുണ്ടെങ്കിലും വിൽക്കാൻ അടയ്ക്കയില്ലാത്തതിന്റെ വിഷമത്തിലാണ് മലയോര മേഖലയിലെ കർഷകർ. വിപണിയിൽ 300-നു മുകളിലാണ് ഒരുകിലോ അടയ്ക്കയ്ക്ക് ഇപ്പോൾ വില ലഭിക്കുന്നത്. കാസർകോട്ട് 350 രൂപയിലേറെയും മംഗളരൂവിൽ 400 രൂപയുമാണ് അടയ്ക്കവില. നേരത്തേ കവുങ്ങ് കൃഷി നടത്തിയിരുന്ന ഭൂരിഭാഗം കർഷകരുമിപ്പോൾ കൃഷി ഉപേക്ഷിച്ചതാണ് പ്രതിസന്ധിയായത്. മഞ്ഞളിപ്പ് രോഗം ബാധിച്ചതായിരുന്നു കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമായത്. നൂറുകണക്കിന് കവുങ്ങുണ്ടായിരുന്ന തോട്ടങ്ങളിലെല്ലാമിപ്പോൾ വിരലിലെണ്ണാവുന്നവയായി ചുരുങ്ങി.

മഞ്ഞളിപ്പ് ബാധിച്ചതിനെത്തുടർന്ന് ഉത്‌പാദനം ഗണ്യമായി കുറഞ്ഞതോടെ കർഷകർ കൃഷി പരിപാലിക്കാതെതായി. മരുന്ന്‌ തളിച്ച് രോഗബാധ തടയാൻ ശ്രമിച്ചെങ്കിലും വിലക്കുറവ് കർഷകരെ പിന്തിരിപ്പിച്ചു. പരിപാലന ചെലവുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടമാണെന്നതായിരുന്നു കാരണം. അതോടെ രോഗബാധ കൂടുതലായി കവുങ്ങുകളിലേറെയും മണ്ടനശിച്ച് പോവുകയായിരുന്നു. നല്ല വിളവ് ലഭിച്ചിരുന്ന സമയങ്ങളിൽ വിലയില്ലാത്തതായിരുന്നു പ്രധാന പ്രശ്നം. രോഗം വ്യാപകമായതോടെയാണ് കർഷകർ കവുങ്ങിൽനിന്ന്‌ മാറിച്ചിന്തിച്ചത്. എന്നാൽ പല കർഷകരുമിപ്പോൾ വീണ്ടും കവുങ്ങ് കൃഷി തുടങ്ങിയിട്ടുണ്ട്. നിലവിലെ വിലയിൽ പ്രതീക്ഷയർപ്പിച്ചാണ് ഇവർ വീണ്ടും കവുങ്ങ് പരീക്ഷണത്തിന്‌ മുതിരുന്നത്.

നേരത്തെ 300 കവുങ്ങുണ്ടായിരുന്നു. നല്ല വിളവ് ലഭിച്ചിരുന്നു. ഒരു മരത്തിൽനിന്ന് ശരാശരി അഞ്ചുകിലോയെങ്കിലും അടയ്ക്ക കിട്ടിയിരുന്നതാണ്. അതിന്റെയെല്ലാം മണ്ടപോയി, കായ്ഫലം തീരെ കുറഞ്ഞു. ഇപ്പോൾ നല്ല വിലയുണ്ട്. 250 കവുങ്ങുകൾ പുതുതായി വെച്ചിട്ടുണ്ടിപ്പോൾ വെള്ളൂന്നിയിലെ കർഷകൻ മാർട്ടിൻ കല്ലിടുക്കനാനിക്കൽ പറഞ്ഞു