കേളകം : ആറളം വന്യജീവിസങ്കേതത്തിന്‌ ചുറ്റും 10.136 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖല ആക്കുന്നതിനുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരടുവിജ്ഞാപനം പ്രതിഷേധാർഹമെന്ന് കെ.സി.വൈ.എം. തലശ്ശേരി അതിരൂപത. കരടുവിജ്ഞാപനം പ്രാവർത്തികമായാൽ ആറളം, കേളകം പഞ്ചായത്തുകളിൽ 550-ലേറെ വീടുകളെ നേരിട്ടും ആയിരത്തിലധികം പേരുടെ കൃഷിയിടങ്ങളെയും ബാധിക്കും. ജനവാസകേന്ദ്രങ്ങളിൽ 100 മീറ്റർ വീതി മാത്രമാണ് എടുത്തിട്ടുള്ളതെന്നും താമസക്കാർക്ക്‌ പ്രയാസം ഉണ്ടാക്കില്ലെന്നുമാണ് അധികൃതരുടെ വാദമെങ്കിലും ഇത് മലയോരജനതയുടെ കണ്ണിൽ പൊടിയിടാനുള്ള ന്യായങ്ങളാണെന്ന് കെ.സി.വൈ.എം ആരോപിച്ചു. കർഷകരെ ദ്രോഹിക്കുന്ന നടപടിയിൽനിന്ന് പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു. വനം-പരിസ്ഥിതി മന്ത്രാലയത്തിന് പ്രതിഷേധ ഇ-മെയിൽ കാമ്പെയിൻ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. തലശ്ശേരി അതിരൂപത പ്രസിഡന്റ് സിജോ കണ്ണേഴത്ത്, ഡയറക്ടർ ജിൻസ് വാളിപ്ലാക്കൽ, ജനറൽ സെക്രട്ടറി വിപിൻ ജോസഫ്, ജോയൽ തൊട്ടിയിൽ, എബിൻ കുമ്പുക്കൽ, ബോണി ജോൺ, ടോമിൻ തോമസ്, ജിതിൻ മുടപ്പാല തുടങ്ങിയവർ പങ്കെടുത്തു.