കേളകം : മൺചട്ടികളും പാത്രങ്ങളും തലച്ചുമടായി വീടുകൾതോറും നടന്നുവിറ്റിരുന്ന പഴയ കാലമല്ലിത്. നഗരങ്ങളിലെ കുത്തക ഭീമൻമാരെ അനുകരിച്ച് ന്യൂജെൻ ഹോം ഡെലിവറി സമ്പ്രദായം ഗ്രാമങ്ങളിലേക്കും. ഭക്ഷണസാധനങ്ങൾ മാത്രമല്ല എന്തും വീട്ടിലെത്തിക്കാൻ തയ്യാറായി ഹോം ഡെലിവറിക്കാർ രംഗത്തെത്തിയതോടെ സംഗതി കൊള്ളാമല്ലോയെന്ന് ആളുകൾക്കും തോന്നിത്തുടങ്ങി. വീട്ടിലുണ്ടാക്കിയ ഉത്പന്നങ്ങൾ വീട്ടുപടിക്കലെത്തുമ്പോൾ ആവശ്യക്കാർ ഏറെയാണ്. ജോലി നഷ്ടമായി വീട്ടിലിരിപ്പായ യുവാക്കളാണ് കൂടുതലും സംരംഭങ്ങളുടെ അണിയറക്കാർ.

നാട്ടിൻപുറങ്ങളിൽപോലും ആളുകൾ ഈ ശീലത്തിലേക്ക് എത്തിയതോടെ ഹോം ഡെലിവറിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താൻ സംരംഭകർ ഇറങ്ങി. ഓരോദിവസവും പ്രത്യേക ഓഫറുകൾ നൽകിയും വിലകുറച്ചും ആളുകളെ പരമാവധി ഓർഡർ ചെയ്യിക്കാനുള്ള ശ്രമത്തിലാണിവർ.

സംരംഭത്തിനായി പ്രത്യേക ആപ്പുകൾ തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളിലേക്ക് എത്തിക്കുന്നു. വെറുതെയിരിപ്പിന്റെ മടുപ്പൊഴിവാക്കാൻ ചെറിയതോതിൽ ഭക്ഷണസാധനങ്ങൾ വീട്ടിലുണ്ടാക്കി വിൽപന നടത്തുന്ന വനിതാ സംരംഭകരുമുണ്ട്. വാട്‌സാപ്പ് സ്റ്റാറ്റസുകളിലുടെയും ഫെയ്‌സ് ബുക്ക് പോസ്റ്റുകളിലൂടെയും ഓർഡർ സ്വീകരിച്ച് സമീപപ്രദേശങ്ങളിൽ സാധനങ്ങൾ വിൽപന നടത്തുന്നതാണിവരുടെ രീതി. ലോക്‌ഡൗണിനുമുമ്പുതന്നെ പല ബേക്കറികളും ഹോട്ടലുകളും ഹോം ഡെലിവറി തുടങ്ങിയിരുന്നു. അവർക്കും ആവശ്യക്കാരേറെയാണ്.

കേക്കാണ് താരം

വീട്ടിലെ കേക്കുകളാണ് ഹോം ഡെലിവറിക്കാരുടെ മുഖ്യയിനം. കേക്കുകൾമാത്രം വീട്ടിലുണ്ടാക്കി അടുത്ത പ്രദേശങ്ങളിലും പരിചയക്കാർക്കും മാത്രം ഹോംഡെലിവറി ചെയ്യുന്ന ചെറുസംരംഭകരും ഏറെയാണ്. 300 രൂപ മുതലാണ് കേക്കുകളുടെ വില. ഇത്തരം ഹോം മെയ്ഡ് കേക്കുകൾക്ക് കൂടുതൽ ആവശ്യക്കാരുമുണ്ട്. ബ്ലാക്ക്‌ ഫോറസ്റ്റ്, വൈറ്റ്‌ ഫോറസ്റ്റ്, റെഡ്‌ വെൽവെറ്റ് തുടങ്ങിയവയ്ക്കാണ് ഡിമാൻഡ് കൂടുതൽ.

മലപ്പട്ടം സ്വദേശി അഞ്ജലി ഉണ്ണികൃഷ്ണൻ വീട്ടിൽ കേക്കുണ്ടാക്കുന്നു

വൈദ്യുതി മുടങ്ങും

മാലൂർ : മുതുകുറ്റിപ്പൊയിൽ, താളിക്കാട്, മള്ളന്നൂർ, കെ.സി.നഗർ, കുണ്ടേരിപ്പൊയിൽ എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒൻപതുമുതൽ വൈകീട്ട് 5.30 വരെ വൈദ്യുതിവിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.