കേളകം: വീട്ടിലെത്താനും ക്വറന്റീനിലിരിക്കാനും ബുദ്ധിമുട്ടിലായ പ്രവാസിക്ക് കണ്ണൂർ എയർപോർട്ട് ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ കരുണയുടെ കരസ്പർശം.

ചെവ്വാഴ്ച രാത്രി ഷാർജയിൽനിന്ന് കണ്ണൂരിൽ വിമാനമിറങ്ങിയ കണിച്ചാർ ചാണപ്പാറ സ്വദേശിയായ പ്രവാസിയാണ് വീട്ടിലേക്ക് പോകാൻ ടാക്സിക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടിലായത്. വാടക തരാൻ കൈയിൽ പണം ഇല്ല എന്ന് ടാക്സി ഡ്രൈവർമാരോട് പറഞ്ഞപ്പോൾ അത് പിന്നീട് മതി എന്ന സാന്ത്വനവുമായി വീട്ടിലേക്ക് യാത്രതിരിച്ചു. എന്നാൽ ഇടവഴിയിൽ ഭാര്യയുടെ നിസ്സഹായാവസ്ഥയുടെ വിളി വന്നു. രോഗിയായ മകൾ ഉൾപ്പെടെ താമസിക്കുന്ന വാടകവീട്ടിൽ ക്വാറന്റീൻ സൗകര്യമില്ല എന്നറിയിച്ചു. തുടർന്ന് വിമാനത്താവളത്തിലേക്ക് തിരികെപോയി. ഡ്രൈവർമാർതന്നെ ഒരുക്കിനല്കിയ വീട്ടിൽ അന്തിയുറങ്ങി. വ്യാഴാഴ്ച പോലീസും ആരോഗ്യപ്രവർത്തകരും ഇടപെട്ട് വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുന്ന കുട്ടിയെ ഉൾപ്പെടെ മറ്റൊരു വീട്ടിലേക്ക് മാറ്റി.

ഷാർജയിൽ ഹോട്ടലിൽ ഹെൽപ്പറായി ജോലിചെയ്യുകയായിരുന്നു ഇദ്ദേഹം. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടു. സുഖമില്ലാത്ത കുഞ്ഞിനെ ശുശ്രൂഷിക്കേണ്ടതിനാൽ ഭാര്യക്ക് ജോലിക്കും പോകാൻ കഴിയാത്ത അവസ്ഥയിലാണ്.

ടാക്സി ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾ അരിയും പല വ്യഞ്ജനവും പച്ചക്കറികളും നല്കി. യൂണിയൻ നേതാക്കളായ മുരളീധരൻ, എം.ഷിജു, സി.പി.അനിൽ, ഷിജിൻ എന്നിവർ നേതൃത്വം നൽകി.