കേളകം : അടയ്ക്കാത്തോട് മുട്ടുമാറ്റിയിൽ ചീങ്കണ്ണിപ്പുഴയിൽ തുരുത്തുകൾ രൂപപ്പെട്ട് ഗതിമാറി ഒഴുകുന്നത് ആനപ്രതിരോധമതിലിന് ഭീഷണിയാവുന്നു.

കഴിഞ്ഞ വർഷങ്ങളിൽ പുഴ കരകവിഞ്ഞൊഴുകി കൽക്കൂമ്പാരങ്ങൾ വന്നടിഞ്ഞ് പുഴയ്ക്ക് നടുവിൽ തുരുത്തുകൾ രൂപപ്പെട്ടിരുന്നു. തുരുത്തിനു വശങ്ങളിലൂടെയാണ് പുഴയൊഴുകിയിരുന്നത്. മഴക്കാലത്ത് പുഴയിലെ വെള്ളം കൂടിയതോടെയാണ് ആനപ്രതിരോധ മതിലിന് ഇത് ഭീഷണിയായി മാറിയത്.

ശക്തിയായ ഒഴുക്കിൽ ആനമതിലിന്റെ അടിത്തറ തകരാനുള്ള സാധ്യതയേറെയാണ്. അടയ്ക്കാത്തോട് മുതൽ വളയംചാൽ വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും പുഴ ഇത്തരത്തിൽ ഗതിമാറി ഒഴുകുന്നുണ്ട്. കഴിഞ്ഞ രണ്ട് പ്രളയത്തിലും പലയിടങ്ങളിലും ആനപ്രതിരോധമതിൽ തകർന്നിരുന്നു. പുഴയോട് ചേർന്ന ഭാഗങ്ങളിലാണ് മതിൽ തകർന്നത്. പുഴയിൽ കുത്തൊഴുക്കുണ്ടായതിനെ തുടർന്നായിരുന്നു എല്ലാ സ്ഥലത്തും മതിൽ തകർന്നത്. 2018-ൽ തകർന്നതിനെത്തുടർന്ന്‌ പുനഃസ്ഥാപിച്ച സ്ഥലങ്ങളിലടക്കം കഴിഞ്ഞവർഷം മതിൽ തകർന്നു. മീറ്ററുകളോളമാണ് മതിൽ തകർന്നത്.

തകർന്ന ഭാഗങ്ങളിൽ മതിൽ പുനർനിർമിക്കുന്ന പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. ആറളം വന്യജീവി സങ്കേതങ്ങൾക്കും ജനവാസകേന്ദ്രങ്ങൾക്കും അതൃത്തിയായാണ് ചീങ്കണ്ണിപ്പുഴ പല ഭാഗങ്ങളിലും ഒഴുകുന്നത്.

കാട്ടാനകളുടെ സഞ്ചാരമേഖലകളായ ഇവിടങ്ങളിൽ ആനശല്യം രൂക്ഷമായപ്പോഴാണ് മതിൽ നിർമിച്ചത്. മതിലിന്റെ ഭാഗങ്ങൾ തകർന്നപ്പോൾ രണ്ട്‌ വർഷങ്ങളിലും വിടവുകളിലൂടെ കാട്ടാനയെത്തി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ പദ്ധതി പ്രകാരം ബാവലിപ്പുഴയിലെ തുരുത്തുകൾ മാറ്റി ഒഴുക്ക് സുഗമമാക്കിയതുപോലെ ആനമതിലിന് ഭീഷണിയാകുന്ന പ്രദേശങ്ങളിൽ ചീങ്കണ്ണിപ്പുഴയിലും തുരുത്തുകൾ നീക്കി പുഴയുടെ ഗതി നേരെയാക്കണമെന്ന്‌ പ്രദേശവാസികൾ ആവശ്യപ്പെടുന്നു.