കേളകം: അർഹതപ്പെട്ട പണം ലഭിക്കാനായി നൽകിയ അപേക്ഷകളുടെയും നിവേദനങ്ങളുടെയും ഹർജികളുടെയുമെല്ലാം ശേഖരം കാട്ടി കേളകം മഞ്ഞളാംപുറത്തെ വാടകവീട്ടിലിരുന്ന് പിന്നിട്ട വർഷങ്ങൾ വിവരിക്കുകയാണ് ആനത്താര പദ്ധതി പ്രദേശത്തുനിന്ന് കുടിയിറങ്ങിയ വർഗീസ് കുമ്പുക്കൽ. സർക്കാർപദ്ധതി വരുത്തിവെച്ച പ്രതിസന്ധിയിൽ ഇദ്ദേഹത്തിന്റെ ജീവിതം നിശ്ചലമാണിന്ന്. ജോലിയെന്താണെന്ന്‌ ചോദിച്ചപ്പോൾ കടലാസുകെട്ടുകൾ കാട്ടി അദേഹം പറഞ്ഞു. ഇതുതന്നെ. കിട്ടിയ തുക തുച്ഛമായിരുന്നു. സ്ഥലം വാങ്ങാനോ വീടുവെക്കാനോ കഴിഞ്ഞില്ല. എട്ടുവർഷമായി വാടകവീടുകളിൽ മാറി മാറി താമസിക്കുന്നു. കേസിനും മറ്റുമായി ലക്ഷങ്ങൾ ചെലവായി. കൃഷി ചെയ്യാൻ ഭൂമിയില്ല. സർക്കാർ പണം തന്നേ തീരൂ, അപ്പീലുകൾ നൽകി ഇനിയും ബുദ്ധിമുട്ടിക്കരുതെന്നാണ് അപേക്ഷ. അദ്ദേഹം പറഞ്ഞു.

വിലനിർണയ കമ്മിറ്റിയെന്ന പ്രഹസനം

-ൽ അർഹമായ നഷ്ടപരിഹാരത്തിനായി കുടിയിറക്കപ്പെട്ട 59 കുടുംബങ്ങളും കോടതിയെ സമീപിച്ചു. തലശ്ശേരി അഡീഷണൽ സബ് കോടതിയിൽ നൽകിയ കേസിലായിരുന്നു കർഷകരുടെ പ്രതീക്ഷ. 2011-ലെ പുനരധിവാസം സംബന്ധിച്ച സർക്കാർ ഉത്തരവ് പാലിക്കാതെയുള്ള കുടിയിറക്കലിനെതിരേ ആനത്താര ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടർക്ക് പരാതി നൽകി. ഇതിൽ നടപടികളുണ്ടാകാത്തതിനാൽ 2013-ൽ ഇവർ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിക്കാരുടെ അവശ്യം രണ്ടുമാസത്തിനുള്ളിൽ പരിഗണിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക്‌ കോടതി നിർദേശവും കൊടുത്തു. കർഷകർക്ക് നൽകിയ തുക മാർക്കറ്റ് വിലയെക്കാൾ കുറവാണെന്നും കർഷകരുമായി ചർച്ചചെയ്ത് പുതിയ വില നിശ്ചയിക്കാൻ 2014-ൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കളക്ടർക്ക് നിർദേശം നൽകി. എന്നാൽ ലാൻഡ് അക്വസിഷൻ തഹസിൽദാർ സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ട് പ്രകാരം വില നിശ്ചയിക്കാത്തതിനാൽ ഇവർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മൂന്നുമാസത്തിനകം പ്രശ്നം പരിഗണിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ഇതു പ്രകാരം 2017-ൽ ഡി.എൽ.പി.സി. (ഡിസ്ട്രിക്ട്‌ ലെവൽ പർച്ചേസിങ് കമ്മിറ്റി) യോഗം ചേർന്നു. ഇതുപ്രകാരം സെന്റിന് 14600, 12,717 എന്നിങ്ങനെ വില നിശ്ചയിച്ചു. എന്നാൽ തലശ്ശേരി കോടതിയിലെ കേസ് നിലവിലുള്ളതിനാൽ ഈ വില അംഗീകരിക്കാനാവില്ലെന്ന് സർക്കാർ ഉത്തരവിറക്കി.

അനുകൂലവിധിയും സർക്കാർ അപ്പീലും

2013-ൽ തലശ്ശേരി കോടതിയിൽ നൽകിയ കേസിൽ 2018-ൽ കർഷകർക്കനുകൂല വിധിയുണ്ടായി. എ, ബി കാറ്റഗറിയായി സെന്റിന് 9000, 7500 എന്നിങ്ങനെ വില നൽകാനാണ് കോടതി വിധിച്ചത്. എന്നാൽ കോടതിക്കേസിന്റെ കാര്യം പറഞ്ഞ് വിലനിർണയ കമ്മിറ്റി നിർദേശം അംഗീകരിക്കാതിരുന്ന സർക്കാർതന്നെ വിധി വന്നപ്പോൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി ഭൂവുടമകൾക്കെതിരേ തിരിഞ്ഞു. അപ്പീൽ നൽകിയതാകട്ടെ രണ്ടുവർഷം കഴിഞ്ഞ് 2020-ലും. തുകയുടെ 50 ശതമാനം കെട്ടിവെക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല.

സർക്കാർപദ്ധതിയുടെ ദുരിതം പേറി വാടകവീടുകളിലും കടക്കെണിയിലും കഴിയുന്ന പദ്ധതിപ്രദേശത്തെ കർഷകർക്ക്‌ പറയാനുള്ളത് ഇത്രമാത്രമാണ്: "വനംവകുപ്പിന്റെ അനാസ്ഥയും സർക്കാരിന്റെ മലക്കംമറിച്ചിലും കോടതി കാലതാമസവും ഒരുപാടുകാലം ഞങ്ങളെ കയ്പ് കുടിപ്പിച്ചു. അപ്പീലുകൾ നൽകി ഇനിയും ബുദ്ധിമുട്ടിക്കരുത്. വനംവകുപ്പിനായി പിറന്ന മണ്ണ് വീട്ടുതന്നതാണോ ഞങ്ങൾ ചെയ്ത തെറ്റ്? തരാനുള്ളത് ഔദാര്യമല്ല, ഞങ്ങൾക്കർഹതപ്പെട്ട തുകയാണ്."

വന്യമൃഗശല്യം രൂക്ഷമായ വനാതിർത്തി പ്രദേശങ്ങളിൽ ആനത്താര പദ്ധതികൾ സ്വാഗതം ചെയ്യുന്നുണ്ട് കർഷകർ. കൊട്ടിയൂരിലെ ചപ്പമല പ്രദേശത്തടക്കം ആനത്താരയിൽ ഉൾപ്പെടുത്തണമെന്ന് വിവിധ സംഘടനകളടക്കം ആവശ്യപ്പെടുന്നതാണ്. കൊട്ടിയൂരിലെ 103 കുടുംബങ്ങളെക്കൂടി ആനത്താരപദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കണമെന്നും അവശ്യമുയർന്നിരുന്നു. ഭൂമി വിട്ടുനൽകാൻ കർഷകർ തയ്യാറുമാണ്. എന്നാൽ അർഹമായ നഷ്ടപരിഹാരം നൽകണം. അത് കുടിയിറക്കുമ്പോൾതന്നെ തരികയും വേണം-കർഷകർ ആവശ്യപ്പെടുന്നു.