കേളകം : വനംവകുപ്പ് നടപ്പാക്കുന്ന ആനത്താര പദ്ധതിക്കുവേണ്ടി വീടും കൃഷിയിടങ്ങളും നൽകിയ കൊട്ടിയൂർ നെല്ലിയോടിയിലെ കർഷകർ പെരുവഴിയിൽ. സെന്റിന് 1208 രൂപ മാത്രം നൽകി പദ്ധതിക്കുവേണ്ടി കുടിയൊഴിക്കപ്പെട്ടവരാണ് 10 വർഷത്തോളമായി വാടകവീടുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നത്. അർഹമായ നഷ്ടപരിഹാരം നൽകണമെന്ന തലശ്ശേരി കോടതിവിധിക്കെതിരെ അപ്പീൽ നൽകിയും സർക്കാർ കർഷകരെ പ്രതിസന്ധിയിലാക്കുന്നു.

2010-ലാണ് സർക്കാർ വിജ്ഞാപനമിറക്കി 36 ഹെക്ടർ ഭൂമി ഏറ്റെടുത്തത്. പ്രദേശത്തുണ്ടായിരുന്ന 14 വീടുകളുൾപ്പെടെ വിട്ടുനൽകി 59 കർഷകരും കുടുംബങ്ങളും മലയിറങ്ങി. പൊന്നുംവില നൽകി ഭൂമിയേറ്റെടുക്കുമെന്നാണ് സർക്കാർവിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. എന്നാൽ 2012-ൽ പണം അനുവദിച്ച് ഓർഡർ വന്നപ്പോൾ സെന്റിന് 1208 രൂപ മാത്രമാണ് നൽകിയത്. ഇതിനെതിരെ കുടിയൊഴിക്കപ്പെട്ട കർഷകർ കോടതിയെ സമീപിച്ചു. 2018-ൽ തലശ്ശേരി അഡീഷണൽ സബ് കോടതി കർഷകർക്ക്‌ മതിയായ വില നൽകാൻ വിധിച്ചു. സ്ഥലത്തെ സൗകര്യങ്ങളുസരിച്ച് എ, ബി കാറ്റഗറികളായി തിരിച്ച് സെന്റിന് 7500, 9000 എന്നിങ്ങനെ നൽകണമെന്നാണ് ഉത്തരവിട്ടത്. എന്നാൽ ഈ വിധിക്കെതിരെയാണ് ഈ വർഷാദ്യം സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഹൈക്കോടതി നിർദേശമനുസരിച്ച് നഷ്ടപരിഹാരത്തിന്റെ 50 ശതമാനം തുക ജില്ലാകോടതിയിൽ കെട്ടിവെക്കാത്തതിനാൽ അപ്പീൽസാധ്യത ഒഴിവായ സാഹചര്യമാണെന്നും പദ്ധതിക്കായി ഒഴിഞ്ഞവർ പറയുന്നു.

പദ്ധതിയിൽ ഉൾപ്പെട്ട തോമസ് പുളിക്കൻ പറയുന്നതിങ്ങനെ. അഞ്ചര ലക്ഷം രൂപ അനുവദിച്ചു. അക്കൗണ്ടിലെത്തിയ തുകയിൽനിന്ന് വായ്പ തിരിച്ചടവ് പിടിച്ച് നാലരലക്ഷമാണ് കിട്ടിയത്. ആ പൈസ 10 സെന്റ് സ്ഥലം വാങ്ങാൻ മാത്രമേ തികഞ്ഞുള്ളൂ. വീടുവെക്കാൻ വീണ്ടും ലോണെടുക്കേണ്ടിവന്നു. ഭൂപണയ ബാങ്കിലിപ്പോൾ 12 ലക്ഷത്തിന്റെ കടക്കാരനാണ്. കുടിയിറങ്ങിയതുമുതൽ വാടകവീട്ടിൽ കഴിയുകയാണ് വർഗീസ് കുമ്പുക്കൽ. ഒന്നരയേക്കർ സ്ഥലം വിട്ടുനൽകി. മൂന്നുലക്ഷം കിട്ടി. ആ തുകയ്ക്ക് സ്ഥലം വാങ്ങി വീടുവെക്കാൻ കഴിയാത്തതിനാൽ വാടകയ്ക്ക് താമസിക്കുന്നു. കഴിഞ്ഞ 10 വർഷമായും കേസിനു പിറകെ നടന്ന് ലക്ഷങ്ങൾ ചെലവഴിച്ചു -അദ്ദേഹം പറയുന്നു. കുടിയിറങ്ങിയ എല്ലാവരും ഇവരെപ്പോലെ ദുരിതത്തിലാണ്. കൂടുതലാളുകളും വാടകവീടുകളിലാണ് കഴിയുന്നത്.