കേളകം : വനാതിർത്തിഗ്രാമമായ കൂനംപള്ള കുറിച്യ കോളനിയിൽ ഓൺലൈൻ പഠനത്തിന് വഴിയില്ലാതെ അഞ്ചുകുട്ടികൾ. അഞ്ചു കുടുംബങ്ങളിലെ ഈ വിദ്യാർഥികൾക്ക് വീട്ടിൽ ടെലിവിഷനില്ല. അച്ഛനും അമ്മയും കൂലിപ്പണിക്ക് പോയി കുടുംബം പോറ്റുന്ന ഇവർക്ക് ടെലിവിഷൻ വാങ്ങാനുമാവില്ല.

മലയോരമേഖലയായ വനാതിർത്തി ഗ്രാമമായ ഇവിടെ മൊബൈൽ നെറ്റ്‌വർക്കുകൾ ലഭ്യമല്ലാത്തതിനാൽ സ്മാർട്ട് ഫോൺ വഴിയുള്ള പഠനവും സാധ്യമല്ല. ടെലിവിഷനില്ലാത്ത കുറച്ച് കുടുംബങ്ങൾക്ക്‌ കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത്, സ്കൂൾ എന്നിവ ഇടപെട്ട് ടി.വി. എത്തിച്ചുനൽകിയെങ്കിലും അഞ്ചുപേർക്ക് സൗകര്യങ്ങൾ ലഭ്യമായിട്ടില്ല. കൂനംപള്ള സാംസ്കാരികനിലയത്തിൽ ടെലിവിഷനുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.

വയനാടിന്റെ അതിർത്തിഗ്രാമമായ ഇവിടത്തെ കുട്ടികൾ പഠിക്കുന്നതും വനം കടന്നു പോയി വയനാട്ടിലെ സ്കൂളിലാണ്. ഹൈസ്കൂൾ പഠനത്തിനുശേഷം എട്ടു കിലോമീറ്ററിലേറെ ദൂരം പിന്നിട്ടുവേണം കേളകത്തെ സ്കൂളിലെത്താൻ. പ്രദേശത്തേക്ക് മതിയായ യാത്രാസൗകര്യങ്ങളുമില്ല.