കേളകം : നിങ്ങൾ വിളിക്കുന്ന സബ്സ്ക്രൈബർ പരിധിക്ക് പുറത്താണെന്ന്‌ മലയോര മേഖലയിലെ ഫോണുകൾ ശബ്‌ദിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഫോൺ വിളിച്ചാൽ കിട്ടാത്ത ഈ ഗ്രാമങ്ങളിൽ ഇന്റർനെറ്റ് ലഭ്യതയുടെ കാര്യവും പരിതാപകരമാണ്. കേളകം, കൊട്ടിയൂർ മേഖലകളിലെ മലമേഖലകളിലെ ഗ്രാമങ്ങളാണ് മൊബൈൽ നെറ്റ്‌വർക്കുകളുടെ പരിധിക്ക് പുറത്തുള്ളത്.

കേളകം പഞ്ചായത്തിൽ വെള്ളൂന്നി, ശാന്തിഗിരിയുടെ വിവിധ ഭാഗങ്ങൾ, കൊട്ടിയൂരിലെ പാലുകാച്ചി, ചപ്പമല, പന്നിയാംമല, ഒറ്റപ്പാവ് തുടങ്ങിയ മേഖലകളിലും മൊബൈൽ നെറ്റ്‌വർക്കുകളുടെ ലഭ്യത കുറവാണ്. ഇത് ഏറ്റവും പ്രതിസന്ധിയിലാക്കുന്നത് മൊബൈൽ ഫോണുകൾ വഴി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥികളെയാണ്.

മേഖലകളിൽ വൈദ്യുതി മുടക്കം പതിവായതോടെ മൊബൈൽ ഫോണുകളെ ആശ്രയിച്ചായിരുന്നു ഇവർ ക്ലാസുകൾ കണ്ടിരുന്നത്. ഓരോ പ്രദേശത്തെയും ജനസാന്ദ്രത, ഉപയോഗം എന്നിവ അനുസരിച്ചാണ് പ്രദേശങ്ങളിൽ മൊബൈൽ കമ്പനികൾ ടവറുകൾ സ്ഥാപിക്കുന്നത്. മലമേഖലകളിൽ താമസക്കാർ കുറവായതിനാലും ഉപയോഗം വേണ്ടവിധത്തിൽ ഇല്ലാത്തതിനാലും കമ്പനികൾ പ്രദേശങ്ങളിൽ പുതിയ ടവറുകൾ സ്ഥാപിക്കാനും മടിക്കുകയാണ്. കൂടാതെ ലോക്ക്‌ ഡൗൺ കാലം മുതൽ കൂടിയ മൊബൈൽ ഡാറ്റാ ഉപയോഗം ഇപ്പോഴും കുറയാത്തതും വിവിധ മേഖലകളിലെ ഇന്റർനെറ്റ് ലഭ്യതയെ ബാധിക്കുന്നു.

കേളകം സബ്ബ്‌ സ്റ്റേഷനിൽനിന്ന് മേഖലകളിൽ ലഭിക്കേണ്ട വൈദ്യുതി ലഭ്യമാകാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക്‌ കാരണം.

രണ്ട്‌ ഫീഡറുകളിൽനിന്ന് വൈദ്യുതി ലഭ്യമാക്കേണ്ട സ്ഥാനത്ത് ഒന്നിൽനിന്നുമാത്രമാണ്‌ ഇപ്പോൾ വൈദ്യുതി എത്തുന്നത്. നിടുംപൊയിൽ സബ് സ്റ്റേഷനിൽനിന്ന് വൈദ്യുതി ലഭ്യമാകുന്നുണ്ടെങ്കിലും കോളയാട്, തുണ്ടിയിൽ സെക്‌ഷൻ പരിധികളിൽ പ്രശ്നങ്ങളുണ്ടായാലും മേഖലകളിൽ വൈദ്യുതി എത്താത്ത അവസ്ഥയുണ്ട്. കൂടാതെ കാറ്റിലും മഴയിലും മരം പൊട്ടിവീണുംമറ്റുമുണ്ടാകുന്ന പ്രതിസന്ധികൾ മൂലവും വൈദ്യുതി എത്തുന്നില്ല.