കേളകം : മലയോരമേഖലകളിൽ തുടർച്ചയായുണ്ടാകുന്ന വന്യമൃഗശല്യത്തിന് സർക്കാർ ശാശ്വതപരിഹാരം കാണണമെന്ന് സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ് ആവശ്യപ്പെട്ടു. കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണംമൂലം കണിച്ചാർ, കേളകം, പേരാവൂർ, കൊട്ടിയൂർ മേഖലകളിൽ മനുഷ്യജീവനും കാർഷികവിളകൾക്കും കനത്ത നഷ്ടമുണ്ടാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ച പെരുമ്പുന്ന, മടപ്പുരച്ചാൽ ഭാഗങ്ങളിൽ പലപ്രാവശ്യം കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു.

ഇരുട്ടായാൽ വീടിന്‌ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ആളുകൾ കഴിയുന്നത്. കാട്ടുപന്നിയെ കൊല്ലാനുള്ള നിലവിലെ ഉത്തരവ് പ്രായോഗികമല്ല. കർഷകർക്ക് കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നിയെ കൊല്ലാൻ അനുവാദം നൽകണം. കർഷകരുടെ ദുരവസ്ഥയ്ക്ക് എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ പരിഹാരം കാണണം. കർഷകർക്കുണ്ടാകുന്ന നഷ്ടത്തിന് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ നിയമനടപടികളടക്കം സ്വീകരിക്കുമെന്നും സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ് ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് പി.പി. ജോൺ, അഡ്വ. കെ.എം. വിൻസന്റ്, വി.വി. ദേവൻ, കുര്യാക്കോസ് പടയാട്ടിൽ, പി.ജെ. ജോസഫ് എന്നിവർ പങ്കെടുത്തു.