കേളകം : മലയോര മേഖലകളായ കണിച്ചാർ, കേളകം, കൊട്ടിയൂർ തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതക്ഷാമത്തിന്‌ പരിഹാരമാകുമെന്ന്‌ കരുതിയ ചാണപ്പാറ സബ്സ്റ്റേഷൻ നിരാശപ്പെടുത്തുന്നു.

പുതിയ സബ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങി ആറുമാസമെത്തുമ്പോഴും പ്രദേശങ്ങിൽ വൈദ്യുതിമുടക്കം പതിവാകുന്നു. ഇത്‌ മേഖലകളിലെ ചെറുകിട വ്യവസായസ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ജനുവരി 16-ന് വൈദ്യുതി മന്ത്രിയാണ് സബ് സ്റ്റേഷൻ നാടിന് സമർപ്പിച്ചത്.

ജില്ലയിലെ രണ്ടാമത്തെ ഇൻഡോർ സബ്‌സ്റ്റേഷനാണ് കണിച്ചാർ ചാണപ്പാറയിലേത്. ഇൻഡോർ സ്റ്റേഷനായതിനാൽ തന്നെ അറ്റകുറ്റപ്പണി ഇടയ്ക്കിടെ നടത്തേണ്ടിവരില്ലെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

അഞ്ച് എം.വി.എ.ശേഷിയുള്ള രണ്ട് 33/11 കെ.വി.ട്രാൻസ്‌ഫോർമറുകളും അഞ്ച് 11 കെ.വി. ഫീഡറുകളുമാണ് സബ്‌സ്റ്റേഷനിലുള്ളത്. എല്ലാ ഫീഡറുകളും പ്രവർത്തനം തുടങ്ങിയാൽ കേളകം, അടക്കാത്തോട്, കൊട്ടിയൂർ, കണിച്ചാർ, തുണ്ടി, ആറളം, കാക്കയങ്ങാട് മേഖലകളിലെ വൈദ്യുതക്ഷാമത്തിന് ശാശ്വതപരിഹാരമാകുമെന്നായിരുന്നു പ്രഖ്യാപനം. 9.98 കോടി രൂപ ചെലവിലാണ് സബ്‌സ്റ്റേഷൻ നിർമിച്ചത്.

വൈദ്യുതി ലഭിക്കുന്നത് ഒരു ഫീഡറിൽനിന്നുമാത്രം

ചാണപ്പാറയിലെ 33 കെ.വി. സബ്സ്റ്റേഷനിൽനിന്ന് കേളകം, കണിച്ചാർ തുടങ്ങിയ മേഖലകളിലേക്ക് ഒരു ഫീഡർ മാത്രമാണ് പ്രവർത്തിക്കുന്നത്. രണ്ടു ഫീഡറുകൾ പ്രവർത്തിക്കേണ്ട സ്ഥാനത്താണിത്. ഭൂഗർഭ കേബിളിടൽ നടക്കാത്തതാണ് പ്രശ്നത്തിനു കാരണമെന്ന് കേളകം കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു. ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

റോഡരികുകളിൽ മണ്ണിനടിയിലൂടെ കേബിളിടൽ അനുവദിക്കുന്നതിന് പി.ഡബ്ല്യു.ഡി. 72 ലക്ഷം രൂപയാണ് ചോദിക്കുന്നത്. ബി.എസ്.എൻ.എൽ. കേബിളുകളും കെ.എസ്.ഇ.ബി.യുടെ കേബിളിടലിന്‌ പ്രശ്നമാകുമെന്നും കെ.എസ്.ഇ.ബി. പറയുന്നു. റോഡ് വീതി കൂട്ടലിന് ശേഷം കേബിളിടാമെന്നാണ് അവരുടെ നിലപാട്.

നിലവിൽ മലയോര മേഖലയിൽ ചാണപ്പാറ ഫീഡർ കൂടാതെ നിടുംപൊയിൽ, മാനന്തവാടി ഫീഡറുകളിൽ നിന്നും വൈദ്യുതി എത്തുന്നുണ്ട്. എന്നാൽ നിടുംപൊയിലിൽ നിന്നെത്തുന്ന വൈദ്യുതി കോളയാട്, തുണ്ടിയിൽ സെക്ഷൻ പരിധികൾ കഴിഞ്ഞാണ് പ്രദേശത്തെത്തുന്നത്. ഇവിടങ്ങളിൽ തകരാർ വന്നാലും വൈദ്യുതി മുടങ്ങുന്ന സ്ഥിതിയാണ്. മാനന്തവാടി ഫീഡറിന്റെ കാര്യവും വ്യത്യസ്തമല്ല.