കേളകം : മലയോരത്തെ തരിശുകിടന്ന സ്ഥലങ്ങളിൽ പലതുമിപ്പോൾ പച്ച തളിർത്തുനിൽക്കുകയാണ്. കൃഷിഭവനുകളുടെ പിന്തുണയോടുകൂടി തെങ്ങിൻതോപ്പുകളിൽ ഇടവിളയായും കൃഷിചെയ്യാതെ കിടന്ന ഭൂമികളിലും കരനെൽ കൃഷി നടത്തിയാണ് മലയോര മേഖലകളായ കേളകം, കണിച്ചാർ കൊട്ടിയൂർ തുടങ്ങിയ സ്ഥലങ്ങളിലെ കർഷകർ 'ഹരിതവിപ്ലവത്തിന് ' തുടക്കംകുറിച്ചിരിക്കുന്നത്. കണിച്ചാറിൽ 10 ഹെക്ടറോളം സ്ഥലത്താണിപ്പോൾ കൃഷി നടത്തിയിരിക്കുന്നത്. കൃഷിഭവനുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ അഞ്ചേക്കർ സ്ഥലത്താണ് കൃഷിയുള്ളതെന്ന് കൃഷി ഓഫീസർ കെ.ജെ.ജോർജ് പറഞ്ഞു. കർഷകർക്ക് സൗജന്യമായി വിത്തുകൾ നൽകിയിരുന്നു.

വെള്ളറ, പൂളക്കുറ്റി, സെമിനാരിവില്ല പ്രദേശങ്ങളിലാണ് ഇപ്പോൾ കൃഷി വ്യാപകമായിരിക്കുന്നത്. സ്വന്തമായും കർഷകർ കരനെൽകൃഷിയിലേക്കിറങ്ങി. ആറ്റാംചേരി പ്രദേശങ്ങൾ നേരത്തെതന്നെ നെൽവയലുകളുള്ള മേഖലയാണ്. പേരാവൂർ ഗ്രാമപ്പഞ്ചായത്തിലെ വളയങ്ങാടും പാടശേഖരസമിതിയുടെ നേതൃത്വത്തിൽ നെൽവയലുകളുണ്ട്. കേളകം പഞ്ചായത്തിലും സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കരനെൽകൃഷി വ്യാപകമായി. പൂവത്തിൻചോല, വെള്ളൂന്നി, കേളകം ടൗൺ പരിസരങ്ങൾ, ശാന്തിഗിരി, കുണ്ടേരി, അടയ്ക്കാത്തോട് മേഖലകളിലും കരനെൽ കൃഷി തുടങ്ങി.

പഞ്ചായത്തിലാകെ എട്ട് ഹെക്ടർ സ്ഥലത്ത് കൃഷിയുണ്ടെന്ന്‌ കൃഷി ഓഫീസർ ജേക്കബ് ഷമോൻ പറഞ്ഞു. ഇതിൽ ആറ്‌ ഹെക്ടറിനാണ് സബ്സിഡി നൽകുന്നത്. ഹെക്ടറിന് 13,600 രൂപ എന്ന നിരക്കിലാണ് സബ്സിഡി നൽകുന്നത്. പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നുള്ള ജ്യോതി ഇനത്തിൽപ്പെട്ട വിത്തുകളാണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം കർഷകർക്ക് സൗജന്യമായി നൽകിയത്. കൂടാതെ കൂടുതൽ വിത്ത് ആവശ്യമുള്ള കർഷകർക്ക് കിലോഗ്രാമിന് 42 രൂപ നിരക്കിലും നെൽവിത്തുകൾ നൽകി. കൊട്ടിയൂർ കൃഷിഭവന്റെ നേതൃത്വത്തിലും കർഷകർക്ക് കരനെൽവിത്തും സബ്‌സിഡിയും നൽകുന്നു. ലോക്ക്‌ ഡൗണിൽ വീട്ടിലിരുന്ന പലരും കൃഷിയിലേക്ക് തിരിച്ചുവന്നു. മലയോര മേഖലകളിൽ ലോക്ക്‌ ഡൗണിൽ വ്യാപകമായി കപ്പയും കൃഷിയുംചെയ്തു.