കേളകം : മലയോര മേഖലയുടെ ജലസ്രോതസ്സായ ബാവലിപ്പുഴയുടെ അതിർത്തി എത്രയെന്നതിന് പഞ്ചായത്തുകളുടെ കൈവശം രേഖകളില്ലാതായിട്ട് പതിറ്റാണ്ടുകൾ. പുഴഭൂമിയും പുഴ പുറമ്പോക്കുകളും എത്രയെന്നതിന് നിലവിൽ കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലോ വില്ലേജ് ഓഫീസുകളിലോ രേഖകളില്ല. കഴിഞ്ഞ രണ്ടുവർഷങ്ങളിലും പുഴ കരകവിഞ്ഞൊഴുകുകയും വഴിമാറി ഒഴുകുകയും ചെയ്തിരുന്നു. കൃഷിഭൂമികളിലൂടെ പുഴ വഴിതിരിഞ്ഞൊഴുകിയ ശേഷമാണ്‌ ബാവലിപ്പുഴയുടെ അതിരുകൾ കണ്ടെത്താൻ രേഖകളില്ലാത്തത് മലയോര മേഖലയിലെ കർഷകരുടെ പ്രശ്നമായി മാറിയത്.

രണ്ടുവർഷവും പുഴ കരകവിഞ്ഞ് കൃഷിഭൂമിയുടെ അരികുകൾ ഇടിഞ്ഞ് നശിക്കുന്നത് തടയാനായി ഭൂവുടമകൾ സ്വന്തംനിലയിൽ അരികുകൾ കെട്ടാൻ ശ്രമംനടത്തിയിരുന്നു. എന്നാൽ പുഴയുടെ രേഖകളില്ലാത്തത് അരികുകെട്ടലുകൾക്ക് പ്രശ്നമായി. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പുഴയരികിൽ അപകടഭീഷണി നേരിടുന്ന വീടുകൾക്ക് കോൺക്രീറ്റ് ഭിത്തികൾ കെട്ടിനൽകിയപ്പോൾ റീസർവെ നടപടികൾക്കുശേഷം പുഴഭൂമി കൂടുതലെന്ന്‌ കണ്ടെത്തിയാൽ വീണ്ടെടുക്കുമെന്ന നിബന്ധനയും വെച്ചിരുന്നു.

കൊട്ടിയൂർ പഞ്ചായത്തുപരിധിയിൽ പാമ്പറപ്പാൻ, നീണ്ടുനോക്കി തുടങ്ങിയ സ്ഥലങ്ങളിലാണ് കോൺക്രീറ്റ് ഭിത്തികൾ നിർമിച്ചത്. കരയിടിച്ചിൽ മൂലം അരികുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ബാവലിപ്പുഴയിൽ റീ സർവ്വെ നടത്തുന്നതിനായി കൊട്ടിയൂർ പഞ്ചായത്ത് താലൂക്കിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷ നൽകി ഒരുവർഷം പിന്നിടുമ്പോഴും തുടർനടപടികളില്ല. കൊട്ടിയൂർ പഞ്ചായത്തിൽ പല ഭാഗങ്ങളിലും വനമാണ് പുഴയുടെ ഒരതിർത്തി. അതിർത്തി രേഖകളില്ലാത്തതിനാൽ കർഷകരും വനംവകുപ്പുമായി പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്തുകൾ മുൻപ് കാപ്പാട് എന്ന പേരിൽ ഒരു പഞ്ചായത്തായിരുന്നു. കാപ്പാട് വില്ലേജ് ഓഫീസ് നിലവിലുണ്ടായിരുന്ന കാലത്താണ് അവസാനമായി പുഴഭൂമിക്കായി സർവ്വെ നടത്തിയത്. എന്നാൽ കാപ്പാട് മൂന്ന്‌ പഞ്ചായത്തുകളായി തിരിച്ചതിനുശേഷം ആ രേഖകൾ എവിടെയെന്ന് പഞ്ചായത്തുകൾക്ക് നിശ്ചയമില്ല. പിന്നീട് റീ സർവ്വെകളൊന്നും നടന്നതുമില്ല. ഇതാണ് പുഴ ഭൂമിക്ക് രേഖകളില്ലാത്തതിന് കാരണം. പുഴയതിർത്തിയിൽ സംരക്ഷണഭിത്തികൾ കെട്ടുന്നതിനോ ദീർഘകാല വിളകൾ കൃഷിചെയ്യുന്നതിനോ കഴിയാത്തത് കർഷകർക്കും പ്രതിസന്ധിയാണ്. അവസരം മുതലെടുത്ത് പുഴഭൂമി കൈയേറി നിർമാണങ്ങൾ നടത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നതിന്‌ പഞ്ചായത്തുകൾക്കും കഴിയുന്നില്ല.

കൃഷിഭൂമിയും പുഴയും സംരക്ഷിക്കുന്നതിനായി റീ സർവ്വേ നടപടി വേഗത്തിൽ നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.