കേളകം : കഴിഞ്ഞ രണ്ടുവർഷങ്ങളിലും മലയോരമേഖലകളിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പുഴ കരകവിയൽ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ മലയോരത്ത് ദുരന്ത നിവാരണ മുൻകരുതൽ പ്രവർത്തനങ്ങൾ തുടങ്ങി. ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചാണ് മുൻകരുതലുകൾ സ്വീകരിക്കുന്നത്.

ഗ്രാമപ്പഞ്ചായത്തുകളിൽ നേരത്തേതന്നെ രൂപവത്കരിച്ച ദുരന്തനിവാരണ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കഴിഞ്ഞവർഷം മലയോരമേഖലയിൽ കണിച്ചാർ, കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിൽ വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. കണിച്ചാറിലെ ചുഴലിക്കാറ്റ്, വെങ്ങലോടി, ശാന്തിഗിരി ഭാഗങ്ങളിലെ ഉരുൾപൊട്ടൽ, കൈലാസംപടി മേഖലയിലെ ഭൂമിവിള്ളൽ തുടങ്ങിയ വിവിധ പ്രതിസന്ധികളിലൂടെ മലയോരം കടന്നുപോയി. ശാന്തിഗിരി, അമ്പായത്തോട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിരുന്നു. എന്നാൽ ഇത്തവണ കോവിഡ് പശ്ചാത്തലത്തിൽ സ്ഥിതികൾ ഏറെ സങ്കീർണമാണ്. ആളുകളെ ഒരുമിച്ച് പാർപ്പിക്കാനാവാത്തതടക്കമുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ നേരത്തേതന്നെ മുൻകരുതൽ സ്വീകരിക്കുകയാണ്.

കേളകം ഗ്രാമപ്പഞ്ചായത്തിൽ പ്രത്യേക കമ്മിറ്റി കൂടുകയും അതിന്റെ തുടർച്ചയായി എല്ലാ വാർഡുകളിലും കമ്മിറ്റികൾ കൂടി സ്ഥിതിഗതികൾ വിലയിരുത്തുകയുമാണ്. പ്രശ്നബാധിത മേഖലകളായ ശാന്തിഗിരി, അടയ്ക്കാത്തോട്, വെള്ളൂന്നി, ബാവലിപ്പുഴയോരങ്ങൾ എന്നിവിടങ്ങളിലെ വാർഡുകളിൽ പ്രത്യേക കമ്മിറ്റികൾ ചേർന്ന്‌ പ്രശ്നങ്ങൾ വിലയിരുത്തി. മുൻകരുതലായി അടയ്ക്കാത്തോട്, മഞ്ഞളാംപുറം തുടങ്ങിയ സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകൾക്കായി ഒരുക്കി.

60 വയസ്സിനു മുകളിലുള്ളവർക്കും 10 വയസ്സിൽ താഴെയുള്ളവർക്കുമായി പ്രത്യേക സൗകര്യമൊരുക്കാനും ശ്രമം തുടങ്ങിയെന്ന് കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.രാജൻ പറഞ്ഞു. ശാന്തിഗിരിയിൽ 22 വീടുകളാണ് ഭൂമിവിള്ളൽ ഭീഷണിയിലുള്ളത്. ഇവർക്കും പുനരധിവാസ സൗകര്യങ്ങളടക്കം പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്. കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്തും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകൾ അടക്കമുള്ളവയ്ക്ക് സൗകര്യങ്ങൾ കണ്ടെത്തി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട് പഞ്ചായത്ത്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന മേഖലകളിലെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകുന്നുണ്ട്‌. നെല്ലിയോടി മേഖലകളിലടക്കം ഭൂമിവിള്ളലുണ്ടായതാണ്. കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലാണെങ്കിലും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പഞ്ചായത്ത് തയ്യാറാണെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ പറഞ്ഞു.

പുഴയോര സുരക്ഷാഭിത്തികൾ

മഴക്കാലം ശക്തിയാർജിക്കുന്നതിനുമുമ്പേ ബാവലിപ്പുഴയുടെ ഒഴുക്ക്‌ നേരെയാക്കാൻ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രവൃത്തികൾ നടത്തി. കരയിടിച്ചിൽ ഭീഷണി കൂടുതലായ വീടുകൾക്ക് സുരക്ഷാഭിത്തികൾ കെട്ടി. നീണ്ടുനോക്കി പട്ടണത്തിലും സുരക്ഷാഭിത്തികൾ കെട്ടി. പുഴയുടെ നടുവിലെ തുരുത്തുകൾ നീക്കം ചെയ്തതിനാൽ ഒഴുക്കിന് തടസ്സമുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കരയോടുചേർന്ന ഭാഗങ്ങളിൽ കൽക്കൂമ്പാരങ്ങളുള്ളതിനാൽ കരയിടിച്ചിലും കുറയുമെന്നാണ് പ്രതീക്ഷ.