കേളകം : ആദ്യ പ്രളയം കഴിഞ്ഞിട്ട് രണ്ടുവർഷം. അന്ന് തകർന്നതാണ് പാൽച്ചുരം. ചുരത്തിൽ പല ഭാഗത്തായി തകർന്ന കോൺക്രീറ്റ് കൈവരികൾക്ക് പകരം മുളവേലികൾ കെട്ടിയിരുന്നു. പിന്നീട് 10 കോടിയുടെ പദ്ധതി നിർദേശം പി.ഡബ്ല്യു.ഡി. സമർപ്പിച്ചെങ്കിലും ഒന്നുമായില്ല. കഴിഞ്ഞവർഷം വീണ്ടും പാൽച്ചുരമിടിഞ്ഞു.

ഇതിനിടയിൽ മുളവേലികൾ തകർന്ന് പാൽച്ചുരം വീണ്ടും അപകടത്തിലായി. ഈ സാഹചര്യത്തിലാണ് മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി പാൽച്ചുരത്തിന്റെ തകർന്നുകിടന്ന സംരക്ഷണ കൈവരി പേരാവൂർ അഗ്നിരക്ഷാ വകുപ്പിന്റെ കീഴിലുള്ള സിവിൽ ഡിഫെൻസ് അംഗങ്ങൾ മുള ഉപയോഗിച്ച് പുനർനിർമിച്ചത്. കണിച്ചാറിൽനിന്നും മുള വെട്ടിയെടുത്ത് ലോറിയിൽ പാൽച്ചുരത്ത് എത്തിക്കുകയായിരുന്നു. ഏകദേശം നാലുമണിക്കൂർ കൊണ്ടാണ് പണി പൂർത്തിയാക്കിയത്.

സ്ത്രീകൾ അടക്കം 25 ഓളം സിവിൽ ഡിഫൻസ് അംഗങ്ങൾ ചേർന്നാണ് പണി പൂർത്തിയാക്കിയത്.

കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകം, പേരാവൂർ സ്റ്റേഷൻ ഓഫീസർ സി.ശശി, വി.കെ.ജോൺസൻ, സി.എം.ജോൺ, സിവിൽ ഡിഫൻസ് കോ ഓർഡിനേറ്റർ പ്രദീപൻ പുത്തലത്ത്, സിവിൽ ഡിഫൻസ് വോളന്റിയർമാരായ തോമസ് കണിയാഞ്ഞാലിൽ, വി.കെ.ശ്രീനിവാസൻ, ഷൈനി തുടങ്ങിയവർ നേതൃത്വം നൽകി.