കേളകം : ലോക്ഡൗൺ പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ ഞായറാഴ്ച കുർബാന നിയന്ത്രണങ്ങൾ പാലിച്ച് നടത്തി. വിവിധ പള്ളികളിൽ നിയന്ത്രണങ്ങൾ പാലിച്ച് കുർബാനയും മറ്റു ശുശ്രൂഷകളും നടത്തിയെങ്കിലും ചില ദേവാലയങ്ങളിൽ ഞായറാഴ്ച ശുശ്രൂഷകൾ ഒഴിവാക്കിയിരുന്നു.

50 പേരിൽ കൂടുതൽ ആരാധനാലയങ്ങളിൽ ഒരേസമയം എത്തരുതെന്ന് നിർദേശമുള്ളതിനാൽ കർശനനിയന്ത്രണങ്ങളോടെയാണ് തിരുകർമങ്ങൾ നടത്തിയത്.

വിവിധ രൂപതകൾ നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് ഇടവകകളിൽ കുർബാന നടത്തിയത്. ഒന്നിലധികം കുർബാനകൾ നടത്തിയാണ് കൂടുതലാളുകളെ തിരുകർമങ്ങളിൽ പങ്കെടുപ്പിച്ചത്.

തലശ്ശേരി അതിരൂപതയ്ക്ക് കീഴിലെ ദേവാലയങ്ങളിൽ വിവിധ സമയങ്ങളിലായി ഒന്നിലധികം കുർബാനകൾ നടത്തി. അമ്പതോളം ആളുകളെ മാത്രമേ ഒരു കുർബാനയിൽ പങ്കെടുപ്പിച്ചുള്ളൂ. സാമൂഹികനിയന്ത്രണങ്ങൾ പാലിച്ചായിരുന്നു വിശ്വാസികൾ തിരുകർമങ്ങളിൽ പങ്കെടുത്തത്.

മാനന്തവാടി രൂപതയ്ക്കു കീഴിലെ ജില്ലയിലെ ചില ദേവാലയങ്ങളിലും കുർബാന നടത്തി.

60 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിൽ താഴെയുള്ളവരും ദേവാലയങ്ങളിലെത്തരുതെന്നു നിർദേശമുള്ളതിനാൽത്തന്നെ ദേവാലയങ്ങളിലെത്തിയ വിശ്വാസികളുടെ എണ്ണം താരതമ്യേന കുറവായിരുന്നു.

എന്നാൽ ഹോട്ട് സ്പോട്ടുകളായ പ്രദേശങ്ങളിലെ ദേവാലയങ്ങളിൽ കുർബാനയും മറ്റു തിരുകർമങ്ങളും നടത്തിയില്ല.

മറ്റുചില ഇടവകകളിലും കുർബാന വേണ്ടെന്നുവെച്ചു. വിവിധ ഇടവകകളിൽ തിരുകർമങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ തത്‌സമയം കാണാനുള്ള സൗകര്യങ്ങളും ഒരുക്കി.

സി.എസ്.ഐ. പള്ളികളിലും നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു തിരുകർമങ്ങൾ നടത്തിയത്.

ഓർത്തഡോക്സ് ദേവാലയങ്ങളിൽ തിരുകർമങ്ങൾ വിശ്വാസികളെ പങ്കെടുപ്പിക്കാതെയാണ് നടത്തിയത്. ഞായറാഴ്ചകളിൽ നടത്താറുള്ള വേദപാഠ ക്ലാസുകൾ ഒഴിവാക്കി.