കേളകം : 'പഴയ സ്മാർട്ട് ഫോൺ നൽകൂ, സ്മാർട്ടാകൂ' എന്ന ചലഞ്ചിലൂടെ കേളകം സെയ്ൻറ് തോമസ് എച്ച്.എസ്.എസ്. സ്വന്തമാക്കിയത് 10 ടി.വി.യും 14 സ്മാർട്ട് ഫോണും. സ്കൂളിലെ പൂർവ വിദ്യാർഥികളും രക്ഷിതാക്കളും യൂത്ത് ക്ളബ്ബും മറ്റുള്ളവരുമാണ് ചലഞ്ച് ഏറ്റെടുത്തത്. ടി.വി. പലതും നാട്ടിൽനിന്നാണ് ലഭിച്ചത്. എന്നാൽ വിദേശത്തുനിന്നുള്ളവരടക്കം പുതിയ ഫോൺ നൽകി സഹകരിച്ചു. ടി.വി.കളെല്ലാം നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് എത്തിച്ചു കൊടുത്തു. കേരളവിഷൻ കേബിൾ വർക്കേഴ്സ് എല്ലാവർക്കും സൗജന്യ കേബിൾ കണക്ഷനും നൽകി. പഞ്ചായത്തും മറ്റ് ഏജൻസികളും നൽകിയതിനു പുറമെയാണ് സ്മാർട്ട് ഫോൺ ചലഞ്ചിലൂടെ സ്കൂൾ ഇത്രയും കുട്ടികളുടെ വീട്ടിൽ ഓൺലൈൻ പഠനസൗകര്യമെത്തിച്ചത്.