കേളകം : സ്മാർട്ട് ഫോൺ വാങ്ങാൻ, കേടായവ നന്നാക്കാൻ, ലാപ് ടോപ്പ്, ടാബ്‌ലെറ്റുകൾ, വൈഫൈ മോഡങ്ങൾ വാങ്ങാൻ... ഡിജിറ്റൽ വിപണിയിൽ ഇപ്പോൾ കച്ചവടം തകൃതി.

അപ്രതീക്ഷിതമായെത്തിയ ഓൺലൈൻ ക്ലാസ് കച്ചവടത്തിരക്കിൽ കരുതൽശേഖരമില്ലാതെ 'സ്മാർട്ട്' കച്ചവടക്കാരും പെട്ടു. സ്മാർട്ട് ഫോൺ, ലാപ്ടോപ്പ്, മോഡങ്ങൾ എന്നിവയുടെ സ്റ്റോക്കില്ലാത്ത അവസ്ഥയിലാണവർ. സർവീസ് സെന്ററുകളിലും തിരക്കേറിയിട്ടുണ്ട്.

സ്പെയർ പാർട്ടുകൾ കിട്ടാൻ പ്രയാസം നേരിടുന്നതിനാൽ ഉപഭോക്താക്കൾക്ക് പറഞ്ഞ സമയത്ത് സർവീസ് ചെയ്തു കൊടുക്കാനാവാത്ത സ്ഥിതിയുമുണ്ട്. വൈഫൈ മോഡങ്ങളുടെ വിലയിലും വർധന വന്നിട്ടുണ്ട്. ലോക്ക് ഡൗണിൽ ക്ഷീണിച്ച ഡിജിറ്റൽ വിപണിക്ക് ഇത് പുത്തനുണർവുനൽകി.

'ഓൺലൈൻ സ്കൂൾ തുറക്കലോടെ' പുതിയ ചെലവുകൾ വന്നു രക്ഷിതാക്കൾക്ക്. ഡിജിറ്റൽ ഉപകരണങ്ങൾക്കായി 30,000 രൂപവരെയാണ് അവർ ചെലവാക്കുന്നത്.

മിക്ക കടകളും ഇൻസ്റ്റാൾമെന്റ് സൗകര്യവും ഏർപ്പെടുത്തി. സെക്കൻഡ് ഹാൻഡ് വിപണിയിലും നിരവധിപേർ എത്തുന്നുണ്ട്. ഓൺലൈൻ വിപണിയിലും ആവശ്യക്കാർ ഏറിയിട്ടുണ്ട്.

ഡിജിറ്റൽ വിപണിയിലെ ഉണർവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ചെറുതും വലുതുമായുള്ള കടകൾ.

എന്നാൽ പുത്തനുടുപ്പും ബാഗും കുടയുമില്ലാത്ത, പ്രവേശനോത്സവങ്ങളില്ലാത്ത ക്ലാസ് തുടങ്ങൽ സ്കൂൾവിപണിയെ തളർത്തി. മുൻവർഷങ്ങളിൽ മേയ് മാസം ആദ്യവാരം മുതൽ സജീവമാകുന്ന സ്‌കൂൾവിപണി ഇനിയും തുറന്നിട്ടില്ല.