കേളകം : മലയോരമേഖലകളായ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ 17 പേർക്ക് ഡെപ്പിപ്പനി. കേളകത്ത് 11 പേർക്കും കൊട്ടിയൂർ പഞ്ചായത്തിൽ ആറുപേർക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്.

കേളകത്തെ വാർക്കപ്പാലം, മീശക്കവല ഭാഗങ്ങളുൾപ്പെടുന്ന നാല്, അഞ്ച്, ഒമ്പത് വാർഡുകളിലാണ് നിലവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

കൊട്ടിയൂർ പഞ്ചായത്തിൽ മാടത്തിൻകാവ് മേഖലയിൽ അഞ്ചുപേർക്കും നീണ്ടുനോക്കിയിൽ ഒരാൾക്കുമാണ് ഡെങ്കിപ്പനി ബാധിച്ചത്.

മാടത്തിൻകാവ് കേളകം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. പഞ്ചായത്തുകളിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നിയന്ത്രണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി.

മാടത്തിൻകാവിൽ ഫോഗിങ് നടത്തി. നീണ്ടുനോക്കിയിൽ കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞദിവസമാണ്. ഇവിടെയും കൊതുകുനശീകരണ പ്രവർത്തനങ്ങളടക്കമുള്ളവ നടത്തുമെന്ന് കൊട്ടിയൂർ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കേളകം പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളിലെ 80-ഓളം വീടുകളിൽ ഫോഗിങ് നടത്തി.

ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിലെ 16 അംഗങ്ങളങ്ങുന്ന ടീം പ്രദേശത്തെ വീടുകളിൽ അണുനശീകരണം നടത്തി. ഡെങ്കിപ്പനി ബാധിക്കുന്ന വീടുകളിൽ ഇന്റേണൽ സ്പ്രേയിങ്ങും നടത്തുന്നുണ്ടെന്ന് കേളകം ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

വാർഡുതല കമ്മിറ്റികളുടെ നേതൃത്വത്തിലും കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തിയും ഡെങ്കിപ്പനി നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തും. കേളകം, കൊട്ടിയൂർ പി.എച്ച്.സി., പേരാവൂർ താലൂക്ക് ആസ്പത്രി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി ബാധിച്ചവർക്ക് ചികിത്സ നൽകുന്നത്.