കേളകം : പേരാവൂർ എക്സൈസും വനം വകുപ്പും ചേർന്ന് മണത്തണ സെക്ഷൻ വനമേഖലയിൽ നടത്തിയ സംയുക്ത റെയ്ഡിൽ കരിയങ്കാപ്പ് രാമച്ചി വനാതിർത്തിയിലെ തോട്ടിൽ പ്രവർത്തിച്ചിരുന്ന വാറ്റുകേന്ദ്രം കണ്ടെത്തി തകർത്തു. 230 ലിറ്റർ വാഷും എട്ടു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രണ്ടുപേർക്കെതിരെ കേസെടുത്തു. അടയ്ക്കാത്തോട് കരിയംകാപ്പ് സ്വദേശികളായ പൂവത്തുംമൂട്ടിൽ ചാക്കോ(38), കല്ലംപള്ളി പ്രജേഷ്(32) എന്നിവർക്കെതിരെയാണ് കേസെടുത്തത്. തോട്ടിലെ കൂറ്റൻ കരിങ്കൽപ്പാറകളുടെ മറവിൽ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി ടെന്റ് തയ്യാറാക്കിയാണ് ചാരായം വാറ്റിയിരുന്നത്. പേരാവൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു, എ.എം.ബിനീഷ്, പി.ജി. അഖിൽ, എക്സൈസ് ഡ്രൈവർ എം.ഉത്തമൻ, കൊട്ടിയൂർ ഫോറസ്റ്റ് റെയിഞ്ച് മണത്തണ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് വാച്ചർ ഗണേഷ് എന്നിവർ പങ്കെടുത്തു.

ഇരിട്ടി : വട്ടക്കയം ആക്കാംപറമ്പിൽ ചെങ്കൽപ്പണയിൽ അർധരാത്രി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 135 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നാലംഗ വാറ്റുസംഘം ഓടിരക്ഷപ്പെട്ടു. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മട്ടന്നൂർ എക്സൈസ് റെയിഞ്ച്, ഇരിട്ടി എക്സൈസ് സർക്കിൾ എന്നിവ സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വി.എൻ.സതീഷ്, ഡി.ജെ.ബിജു, നെൽസൺ ടി.തോമസ്, ബെൻഹർ കോട്ടത്തുവളപ്പിൽ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.