കേളകം : മഴയെത്താൻ ഒരാഴ്ച മാത്രം അവശേഷിക്കുമ്പോൾ ഗ്രാമപ്പഞ്ചായത്തുകൾ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞവുമായി മുന്നോട്ട്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, വൈറൽ ഫീവർ തുടങ്ങിയവ പടർന്നുപിടിക്കാനുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ടൗണുകളും പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നതും അണുനശീകരണം നടത്തുന്നതും.

മലയോര മേഖലയിൽ വ്യാപകമായുള്ള റബ്ബർത്തോട്ടങ്ങളിലാണ് കൊതുകുകൾ പെരുകുന്നത്. ഇതു തടയാനുള്ള സാന്ദ്രതാ പഠനങ്ങളുൾപ്പെടെ പഞ്ചായത്തുകൾ നടത്തുന്നുണ്ട്.

കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത്‌ പരിധിയിൽ പകർച്ചവ്യാധികൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ മേയ് ആദ്യവാരം തുടങ്ങി. കുടുംബശ്രീ, ആരോഗ്യസേന, ആശാവർക്കർമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരുടെ സഹായത്തോടെ എല്ലാ വീടുകളും സന്ദർശിച്ച് കൊതുക് സാന്ദ്രതാപഠനവും ഉറവിടനശീകരണവും നടത്തി. ബോധവത്കരണ നോട്ടീസും വിതരണം ചെയ്തു. മേയ്‌ നാലു മുതൽ ക്ലോറിനേഷൻ നടത്താനാരംഭിച്ചു. വാർഡുകൾ കേന്ദ്രീകരിച്ച്‌ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇൻ ചാർജ് ടി.എ.ജെയ്സൺ അറിയിച്ചു. പഞ്ചായത്തിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചുതുടങ്ങി.

അമ്പായത്തോട്, നീണ്ടുനോക്കി, ചുങ്കക്കുന്ന്, പാമ്പറപ്പാൻ, കണ്ടപ്പുനം, മന്ദംചേരി, ഇരട്ടത്തോട് എന്നീ ടൗണുകളിലാണ് ബൂത്തുകൾ സ്ഥാപിക്കുന്നത്. പഞ്ചായത്തിന്റെ ശുചിത്വമിഷൻ ഫണ്ടിൽ നിന്ന് 2,10,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുക. കേളകം പഞ്ചായത്തിലും ഡ്രൈ ഡേ ആചരിച്ചു. ടൗണും പരിസരങ്ങളും ശുചീകരിക്കുന്ന പ്രവൃത്തികളും നടത്തി. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വീടുകളിൽ ശുചീകരണവും ഉറവിട നശീകരണവും സാന്ദ്രതാ പഠനങ്ങളും നടത്തുന്നുണ്ടെന്ന് കേളകം ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. രാജീവ് അറിയിച്ചു. കണിച്ചാർ പഞ്ചായത്തിലും മഴക്കാലപൂർവ ശുചീകരണം നടത്തുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ ആചരിച്ച് ടൗണും പരിസരങ്ങളും ശുചീകരിച്ചു.