കേളകം : അടയ്ക്കാത്തോട് മുട്ടുമാറ്റി, വാളുമുക്ക്, നരിക്കടവ് എന്നിവിടങ്ങളിലെ ആനപ്രതിരോധ മതിൽ പുനർനിർമാണം ലോക്ക് ഡൗണിനെത്തുടർന്ന്‌ നിലച്ചു. മൂന്നിലേറെ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരുന്ന പ്രതിരോധമതിലിന്റെ പുനർനിർമാണമാണ് പാതി വഴിയിലായത്.

ഊരാളുങ്കൽ സൊസൈറ്റിയാണ്‌ മതിലിന്റെ പുനർനിർമാണം നടത്തിയിരുന്നത്. നിർമാണത്തിനെത്തിയ മറുനാടൻ തൊഴിലാളികളിലേറെയും നാട്ടിലേക്ക് മടങ്ങി. ഫെബ്രുവരിയിലാണ് മതിലിന്റെ പുനർനിർമാണം തുടങ്ങിയത്. രണ്ടുമാസത്തിനകം പൂർത്തിയാക്കാനായിരുന്നു നിർദേശം. എന്നാൽ മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർമാണം നിലയ്ക്കുകയായിരുന്നു.

മതിൽ പൊളിഞ്ഞ സ്ഥലങ്ങളിൽ അടിയിലെ മണ്ണൊലിച്ചു പോയിരുന്നതിനാൽ നേരത്തെയുണ്ടായിരുന്നതിന് സമാന്തരമായി നിർമിക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു നടന്നിരുന്നത്. പണികൾ വേഗത്തിൽ പുരോഗമിച്ചിരുന്നു. അനുമതിയുണ്ടെങ്കിലും തൊഴിലാളികളുടെ കുറവും നിർമാണവസ്തുക്കളുടെ ദൗർലഭ്യവുമാണ് മതിൽ നിർമാണം വൈകാൻ കാരണം.

ഊരാളുങ്കൽ സൊസൈറ്റി തന്നെയായിരുന്നു ആനപ്രതിരോധ മതിൽ നിർമിച്ചത്. അഞ്ചുവർഷത്തേക്ക് തകരാറുകൾ പരിഹരിക്കേണ്ടത് സൊസൈറ്റിയാണെന്ന് വനംവകുപ്പ് പറയുന്നു. കഴിഞ്ഞവർഷം ചീങ്കണ്ണിപ്പുഴ കരകവിഞ്ഞൊഴുകിയപ്പോഴാണ് മതിൽ തകർന്നത്. ആറു സ്ഥലങ്ങളിലായി 100 മീറ്ററോളം തകർന്നിട്ടുണ്ട്. വാളുമുക്ക് കോളനി സമീപത്ത് ഇത്തവണയും മതിൽ തകർന്നിരുന്നു. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ തകർന്നതിനുശേഷം പുനഃസ്ഥാപിച്ച അതേ സ്ഥലത്തു തന്നെയായിരുന്നു ഇത്. ഇവിടെ മീറ്ററുകളോളം പൂർണമായും ആനമതിൽ തകർന്നിട്ടുണ്ട്. തുടർച്ചയായ വർഷങ്ങളിൽ ആനമതിൽ തകർന്നതിനാൽ കൂടുതൽ കരുത്തിലായിരുന്നു നിർമാണം പുരോഗമിച്ചത്.

കഴിഞ്ഞവർഷം ആനമതിൽ തകർന്ന വിടവുകളിലൂടെയെത്തി കാട്ടാനകൾ മുട്ടുമാറ്റി, നരിക്കടവ് തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

ഈ വർഷവും വിടവിലൂടെ കാട്ടാനകൾ ജനവാസകേന്ദ്രത്തിലെത്താൻ തുടങ്ങിയപ്പോൾ നാട്ടുകാരുടെ ആവശ്യപ്രകാരമാണ്‌ മതിൽ നിർമാണം തുടങ്ങിയത്‌.

മഴക്കാലം ആരംഭിക്കുന്നതിനാൽ നിർമാണം ഇനിയും നീണ്ടുപോകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.