കേളകം : ഇരട്ടത്തോട്ടിലെ ദൂരൂഹമരണത്തിന് ശേഷം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഒരാളെക്കൂടി ഡയാലിസിസിന് വിധേയമാക്കി. ശനിയാഴ്ച ചർദ്ദിയേയും വയറിളക്കത്തെയും തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വേലായുധനാ(65)ണ് ഞായറാഴ്ച വൈകീട്ട് നാലോടെ ഡയാലിസിസ് തുടങ്ങിയത്. ശനിയാഴ്ച രാവിലെ 11-ഓടെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച മിനി(38)യുടെ വൃക്കകൾ പ്രവർത്തനരഹിതമാകുന്ന നിലയിലെത്തിയിരുന്നെങ്കിലും ഞായാഴ്ച വൈകീട്ടോടെ നിലയിൽ പുരോഗതിയുണ്ട്. കുട്ടികളടക്കമുള്ളവർ തവ്രപരിചരണവിഭാഗത്തിൽ തുടരുകയാണെങ്കിലും സ്ഥിതിയിൽ പുരോഗതിയുണ്ട്.

മരിച്ച രവിയുടെ കുട്ടികൾ, ഭാര്യ, ഭാര്യാ സഹോദരൻ മഹേഷ് എന്നിവർക്ക് വയറിളക്കം കുറഞ്ഞു. എന്നാൽ വേലായുധന് ശനിയാഴ്ചയും വയറിളക്കം കുറഞ്ഞിട്ടില്ല. രവിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. എന്നാൽ ആന്തരികാവയവങ്ങളുടെയും സ്രവങ്ങളുടെയും പരിശോധനാഫലം ലഭിക്കാത്തതിനാൽ മരണത്തിന്റെയും അസുഖബാധയുടെയും കാരണം വ്യക്തമല്ല. മരണകാരണം വ്യക്തമാകാത്തതിനാൽ ഇരട്ടത്തോട് കോളനിയിലുള്ളവരുടെ ആശങ്ക തുടരുകയാണ്.