കേളകം: തലശ്ശേരിയിൽ തീവണ്ടിയിറങ്ങിയതു മുതൽ നീളുന്ന കുടിയേറ്റത്തിന്റെ ചരിത്രം നിറങ്ങളിൽ ചാലിച്ച് ചുവരുകളിൽ ജീവൻ നൽകുകയാണ് കേളകം മഞ്ഞളാംപുറത്തെ സെയ്‌ന്റ് ആന്റണീസ് പള്ളിയിൽ. കലാകാരനായ സി.എം.ജെ. എന്നു വിളിക്കപ്പെടുന്ന ചിന്താർമണി ജോസഫാണ് ചിത്രകാരൻ.

സെയ്‌ന്റ് ആന്റണീസ് ഇടവകയിൽ പുതുതായി നിർമിച്ചിരിക്കുന്ന പാരിഷ്ഹാളിന്റെ ചുവരുകളിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. കുടിയേറ്റ കർഷകർ തലശ്ശേരിയിൽ തീവണ്ടിയിറങ്ങിയതുമുതൽ തുടങ്ങുന്ന ചരിത്രമാണ് ഹാളിന്റെ ചുവരുകളിൽ ചിത്രകാരന്റെ ഭാവനയിൽ വിടരുന്നത്.

കാളവണ്ടികളിൽ മലയോര ഗ്രാമങ്ങളിലേക്കെത്തി കാടു വെട്ടിത്തെളിച്ച് കുടിലുകൾ സ്ഥാപിക്കുന്നതും കാട്ടുമൃഗങ്ങളോട് പടവെട്ടി ജീവിതം തുടങ്ങുന്നതും കൃഷി തുടങ്ങുന്നതും അന്നത്തെ കുടിയേറ്റ കർഷകരുടെ ആഘോഷമായ കപ്പവാട്ടുമെല്ലാം ചരിത്രസ്മരണകളായി ചിത്രങ്ങളിൽ നിറയുന്നു.

18 ചിത്രങ്ങളാണ് വരയ്ക്കുന്നത്. ഇതിൽ പകുതിയോളം പൂർത്തിയായി. ഒരു മാസത്തിലേറെയായി സി.എം.ജെ. ചിത്രംവര തുടങ്ങിയിട്ട്. നമ്മുടെ പൂർവികർ കടന്നുവന്ന വഴികളെ പുതുതലമുറയ്ക്കു പകർന്നു നൽകാനുള്ള ഏറ്റവും നല്ല മാർഗമെന്ന രീതിയിലാണ് ചിത്രങ്ങളിലൂടെ കുടിയേറ്റ ചരിത്രം പറയാൻ ശ്രമിക്കുന്നതെന്ന് ഇടവകവികാരി ഫാ. തോമസ് കീഴാരത്തിൽ പറയുന്നു.

ഇടവക തിരുനാൾ വെള്ളിയാഴ്ച തുടങ്ങും. പാരിഷ്ഹാളിന്റെ വെഞ്ചിരിപ്പുകർമം തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി വെള്ളിയാഴ്ച നടത്തും. പത്തുവരെയാണ് ഇടവക തിരുനാൾ.