കേളകം: കോളിത്തട്ട് ഗവ. എൽ.പി. സ്കൂൾ കെട്ടിടം ഇപ്പോൾ ഒരു വലിയ കുടുംബമാണ്. കൈലാസംപടിയിലെയും ശാന്തിഗിരിയിലെയും 35 കുടുംബങ്ങളിലെ 103 അംഗങ്ങളുള്ള കൂട്ടുകുടുംബം. വീടുകൾക്ക് വിള്ളൽ വീണതോ പ്രദേശത്തിന്റെ ആശങ്കകളോ ഒന്നുമറിയാതെ കുരുന്നുകൾ കൂടെക്കളിക്കാൻ കൂട്ടുകാരെക്കിട്ടിയ സന്തോഷത്തിലാണ്. അവർ ഒന്നിച്ച് ഉഞ്ഞാലാടുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. കളിക്കുന്നു. ഓണക്കാലം ആഘോഷമാക്കുകയാണവർ.

ദുരിതാശ്വാസ ക്യാമ്പാണെങ്കിലും ദുഃഖിച്ചിരിക്കുന്ന മുഖങ്ങൾ അവിടെ കാണാനില്ല. സങ്കടങ്ങളെല്ലാം മനസ്സിലൊതുക്കി അവർ ചിരിക്കുന്നു. ഇടയ്ക്ക് വീടുകളിലെത്തി മടങ്ങും. തങ്ങൾ ക്യാമ്പിലാണെങ്കിലും പശുവും ആടും കോഴിയുമൊക്കെ വീട്ടുപരിസരങ്ങളിലാണ്. ഓണത്തിന് അവരെ പട്ടിണിക്കിടാനൊക്കുമോ? കണ്ണൂർ ജില്ലയിൽ ഇപ്പോഴുള്ള ഏക ദുരിതാശ്വാസ ക്യമ്പാണിത്.

പ്രതിസന്ധികൾക്കിടയിലും ഓണത്തെക്കുറിച്ചും ഇവർ ആലോചിക്കുന്നുണ്ട്. ഓണസദ്യ നൽകാമെന്നേറ്റ് കുടുംബശ്രീ സി.ഡി.എസ്. മുന്നോട്ട് വന്നിട്ടുണ്ട്. 200-ലേറെ പേർക്ക് പായസമടക്കമുള്ള ഓണസദ്യ ഇവിടെ തയ്യാറാക്കും. വേണ്ട സാധനങ്ങളുടെ പട്ടിക രാവിലെത്തന്നെ കൊടുത്തിട്ടുണ്ട്. എല്ലാം കൊണ്ടുവന്ന് നാളെ എല്ലാവരും ചേർന്ന് സദ്യയൊരുക്കും. ഓണം ആഘോഷമാക്കും -വാർഡ് പ്രതിനിധി സിന്ദു മുഞ്ഞനാട്ട് പറയുന്നു.

മഴയക്ക് അൽപ്പം ശമനം

മഴയ്ക്ക് അൽപ്പം ശമനമുണ്ടായതിന്റെ ആശ്വാസത്തിലാണ് ക്യാമ്പിലുള്ളവർ. മറ്റുദിവസങ്ങളെ അപേക്ഷിച്ച് ചൊവ്വാഴ്ച മഴ കുറഞ്ഞു. വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയടക്കമുള്ളവരും സദാസമയം ക്യാമ്പിലുണ്ട്. ഇവിടെ ഞങ്ങൾക്ക്‌ ബുദ്ധിമുട്ടൊന്നുമില്ല- ക്യാമ്പിൽ കഴിയുന്ന അനിൽകുമാർ ചെറുപറമ്പിൽ പറയുന്നു. ഇദ്ദേഹത്തിന്റെ വീട്ടുതറയിൽ വിള്ളൽ വീണിട്ടുണ്ട്.

വിള്ളലിലൂടെ വെള്ളമൊഴുകുകയാണിപ്പോൾ. മഴ മാറിനിന്നാൽ ബുധനാഴ്ച ഉച്ചയ്ക്കുള്ള സദ്യയും കഴിഞ്ഞ് വൈകുന്നേരത്തോടെ ക്യാമ്പ് പിരിച്ചുവിടാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. എന്നാൽ എവിടെപ്പോകുമെന്ന് അറിയാത്തയാളാണ് കഴിഞ്ഞദിവസം വീടുതകർന്ന നെടുംചാലിൽ ലില്ലി. ബന്ധുവീടുകൾ അടുത്തുണ്ട്. എന്നാൽ അവിടെയും വിള്ളലുൾ വീണിട്ടുണ്ട്. കഴിഞ്ഞവർഷം ഒരു വിള്ളൽപോലും വീടിനുണ്ടായിരുന്നില്ല. ഭക്ഷണം പാകംചെയ്യുന്നതിനിടെ പുറത്തേക്കിറങ്ങിവന്ന് ലില്ലി പറഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ചെറു മത്സരങ്ങൾ നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് സി.പി.എം. അടയ്ക്കാത്തോട് ലോക്കൽ സെക്രട്ടറിയായ ജോർജ്‌കുട്ടി കുപ്പക്കാട്ട്. ചെറിയ മത്സരങ്ങൾ നടത്താമെന്ന അഭിപ്രായമാണ് എല്ലാവർക്കും. ശാശ്വതമായി ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ വേഗം തീരുമാനമെടുക്കണമെന്നാണ് ബിനോയ് കാഞ്ഞിരക്കുളത്തിനു പറയാനുള്ളത്. ചാക്കോ ചേറ്റുകുഴിയിലും അതുതന്നെ പറയുന്നു.

പുനരധിവസിപ്പിക്കണം

പൊതപ്രവർത്തകൻ കൂടിയായ ശ്രീനിവാസൻ മാങ്കൂട്ടത്തിൽ പറയുന്നത് സ്ഥലത്തെ 20-ഓളം കുടുംബങ്ങളെയാണ് അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടതെന്നാണ്. 84 വീടുകൾക്കാണ് സുരക്ഷാ ഭീഷണിയുള്ളത്. പഞ്ചായത്തിന്റെ നേൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനുള്ള തയ്യാറെടുപ്പിലാണിവർ.