കേളകം: അടയ്ക്കാത്തോട് ശാന്തിഗിരി കൈലാസംപടി മേഖലയിൽ അതിശക്തമായ മഴയെതുടർന്ന് ഭൂമിയുടെ വിള്ളൽ കൂടിയതിനാൽ 12-ഓളം കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്ക്‌ മാറ്റി. ഒരു വീട് പൂർണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു.

സോയിൽ പൈപ്പിങ് പ്രതിഭാസം മൂലം വീടുകൾക്കും സ്ഥലങ്ങൾക്കും സംഭവിച്ച വിള്ളലുകൾ കനത്ത മഴയെത്തുടർന്ന് കൂടിയതായി കണ്ടെത്തിയതിനാലാണ് കോളിത്തട്ട്‌ ഗവ. എൽ.പി. സ്കൂളിലേക്ക്‌ മാറ്റിത്താമസിപ്പിച്ചത്‌. പ്രായമായവരും രോഗികളും ഉൾപ്പെടെയുള്ളവരെയാണ്‌ മാറ്റിത്താമസിപ്പിക്കുന്നത്‌. ഭൂമിക്ക്‌ വിള്ളൽ വന്ന് പലയിടത്തും ഭൂമിയുടെ ഉപരിഭാഗം താഴുകയും മീറ്ററുകളോളം തെന്നിമാറുകയും ചെയ്തതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്.

സ്ഥലത്തെ സ്ഥിതി ഗുരുതരമായതിനാൽ കർമസമിതിയുടെ നേതൃത്വത്തിൽ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ്‌ ക്യാമ്പിലേക്ക്‌ ആളുകളെ മാറ്റിയത്‌. കഴിഞ്ഞ ദിവസം കർമസമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.