കേളകം: കൊട്ടിയൂർ വെങ്ങലോടിയിൽ ബാവലിപ്പുഴയുടെ തീരങ്ങളിൽ രണ്ടേക്കറിലേറെ കൃഷിഭൂമിയാണ് രണ്ടുവർഷത്തിനുള്ളിൽ പുഴ ഒഴുക്കിക്കളഞ്ഞത്. അഞ്ച്‌ കുടുംബങ്ങളുടെതായി റബ്ബർ, തെങ്ങ് എന്നിവ ഉണ്ടായിരുന്ന തോട്ടങ്ങളാണ് പുഴ ഒഴുക്കിക്കളഞ്ഞത്. ഷാജി പൗലോസ് മുകുളേൽ, തോമസ് മഠത്തിപ്പറമ്പിൽ, മത്തായി വാരത്താൻ, മാത്യു പന്നമ്പാറ, ഷൈജൻ തടങ്ങഴി എന്നിവരുടെ ഭൂമികളാണ് ഈ പ്രദേശത്ത് നഷ്ടമായത്. ഇതിൽ ഷാജി തോമസ് മുകുളേലിന്റെമാത്രം 40 സെന്റ് തെങ്ങിൻതോട്ടം നഷ്ടമായി. ഇവിടെ പുഴ ഗതിമാറിയാണിപ്പോൾ ഒഴുകുന്നത്.

കഴിഞ്ഞവർഷം മുതലാണ്‌ ഇങ്ങനെ ഒഴുകാൻ തുടങ്ങിയത്. പ്രളയകാലത്ത് 30 സെന്റോളം നഷ്ടമായിരുന്നു. കഴിഞ്ഞമാസം ബാക്കികൂടി പുഴയെടുത്തു. പുഴ നിറഞ്ഞൊഴുകുമ്പോഴെല്ലാം കുറേശ്ശെയായി ഭൂമി നഷ്ടമായിക്കൊണ്ടിരിക്കുന്നു. 20 തെങ്ങുകൾ കടപുഴകി. ഭൂമി ഉണ്ടായിരുന്നു എന്ന്‌ തോന്നാത്തവിധത്തിൽ പ്രദേശം മാറി -ഷാജി പൗലോസ് പറയുന്നു. കൊട്ടിയൂർ പഞ്ചായത്തിൽ കഴിഞ്ഞവർഷം അപേക്ഷകളുമായി കയറിയിറങ്ങി. ഫലമുണ്ടാകാത്തതിനെത്തുടർന്ന് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. കളക്ടർ അപേക്ഷ സ്വീകരിച്ച് കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറി, അസി. എക്സിക്യുട്ടിവ് എൻജിനീയർ, ഇറിഗേഷൻ ഡിവിഷൻ തലശ്ശേരി എന്നിവരെ പുഴതീര സംരക്ഷണ നടപടികൾക്കായി ചുമതലപ്പെടുത്തി. എന്നാൽ, സംരക്ഷണംമാത്രം നടന്നില്ല. ഈവർഷം വീണ്ടും ദുരിതം ആവർത്തിച്ചു. കൂടുതൽ ഭൂമി ഒഴുകിപ്പോയി. അതിനാലാണ് നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്. ആദ്യഘട്ടമായി ലീഗൽ സർവീസ് അതോരിറ്റിയിൽ കൊട്ടിയൂർ പഞ്ചായത്ത്, ഇറിഗേഷൻ വകുപ്പ് തുടങ്ങിയവരെ എതിർകക്ഷികളാക്കി പരാതി നൽകിയിട്ടുണ്ട് -അദ്ദേഹം പറയുന്നു.

ഇദ്ദേഹത്തിന്റേതിനുപുറമെ മറ്റുള്ളവരുടെ നൂറോളം റബ്ബറുകൾ, തെങ്ങ് തുടങ്ങിയവയും കരയിടിഞ്ഞ് പുഴയെടുത്തവയിൽപ്പെടും. ജനപ്രധിനിധികൾ ഇത്തവണ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ഇവർ പറയുന്നു.

മേജർ ഇറിഗേഷൻ വകുപ്പ് ബാവലിപ്പുഴത്തീരങ്ങൾ കെട്ടുന്നതിനും ഗതിമാറി ഒഴുകിയ സ്ഥലങ്ങൾ പൂർവസ്ഥിതിയിലാക്കുന്നതിനും രണ്ടുകോടിയോളം രൂപയുടെ ടെൻഡർവിളിച്ചു. അത് നടപ്പാകാത്തതിനാൽ റീടെൻഡർ നൽകി. ഇലക്‌ഷൻ പെരുമാറ്റച്ചട്ടം നിലവിൽവന്നതിനാൽ പിന്നീട് കാലതാമസം നേരിട്ടു. പിന്നീട് മഴതുടങ്ങിയതിനാൽ പ്രവൃത്തികൾ തുടങ്ങാനായില്ല. ഇതാണ് പുഴത്തീരങ്ങൾ വീണ്ടും ഒഴുകിപ്പോകാൻ കാരണമായത്. മഴക്കാലത്തിനുശേഷം പ്രവൃത്തികൾ തുടങ്ങും -കൊട്ടിയൂർ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.