കേളകം: കിടപ്പാടമുണ്ടെങ്കിലും വീട്ടിൽ അന്തിയുറങ്ങാൻകഴിയാതെ വാടകവീട്ടിൽ താമസിക്കേണ്ട അവസ്ഥയിലാണ് കൊട്ടിയൂർ നെല്ലിയോടിയിലെ ചറമ്പിൽ ഷാജിയും കുടുംബവും. കഴിഞ്ഞവർഷം ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ പ്രതിഭാസത്തിൽ വിള്ളലുകൾവീണ് വീട് അപകടാവസ്ഥയിലായതാണ് ഇവരുടെ ദുരിതത്തിന് കാരണം.

ആദ്യഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലും തുടർന്ന് ഒരുവർഷമായി വാടകവീട്ടിലും കഴിയുകയാണ് കുടുംബം. വീട് തകരാത്തതിനാൽ സർക്കാരിന്റെ സഹായധനവും കുടുംബത്തിന് ലഭിച്ചിട്ടില്ല. കൂലിപ്പണിക്കാരായ ചറമ്പിൽ ഷാജിയും ഭാര്യ സുമ, മാതാവ് എൺപത്തഞ്ചുകാരിയായ ലക്ഷ്മി, മക്കളായ അമൽ, അജിത് എന്നിവരും വാടകവീട്ടിലാണ് കഴിയുന്നത്.

മേഖലയിൽ ഭൂമിയിൽ വ്യാപകമായി ഗർത്തങ്ങളുണ്ടായത് പഠിക്കാൻ നിയോഗിച്ച ഭൗമവിദഗ്‌ധർ നടത്തിയ പഠനത്തിൽ ഈപ്രദേശം വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്ത് താമസിച്ചിരുന്ന കുടുംബങ്ങൾ വീടുകൾ ഉപേക്ഷിച്ച് വാടകവീടുകളിൽ അഭയംതേടിയിരുന്നു. എന്നാൽ, പലർക്കും സർക്കാർ സഹായമുണ്ടായില്ല.

പ്രകൃതിക്ഷോഭമുണ്ടായ സ്ഥലത്ത് വാസയോഗ്യമല്ലാതായ വീടുകൾക്കുപോലും പ്രളയദുരിതാശ്വാസ പദ്ധതിപ്രകാരം സഹായം ലഭിക്കാത്തതാണ് ഷാജിയുടെ ദുരിതത്തിന് കാരണം. ഇരുപത് സെന്റ് സ്ഥലമാണ് ഇവർക്ക് സ്വന്തമായുള്ളത്.

കൂലിവേലചെയ്ത് കുടുംബം പുലർത്തുന്ന ഇവർക്ക് ഇനി സ്ഥലംവാങ്ങി പുതിയൊരുവീട് നിർമിക്കാനുള്ള സാമ്പത്തികസ്ഥിതിയില്ല. വാസയോഗ്യമല്ലാത്ത വീടിനുപകരം മറ്റൊരിടത്ത് വീടുവെച്ച് മാറാൻ സർക്കാരിന്റെയും സുമനസ്സുകളുടെയും സഹായം പ്രതീക്ഷിക്കുകയാണ് കുടുംബം.