പാനൂർ: കനത്ത മഴയിൽ റോഡ് പൂർണമായും തകർന്നതോടെ കൃഷിക്കാർ പ്രതിസന്ധിയിൽ. കാർഷികമേഖലയായ പൊയിലൂരിന്റെ കിഴക്കൻ ഭാഗത്തെ പ്രധാനപ്പെട്ട റോഡുകളിലൊന്നായ കാവുപനിച്ചി-കലമാൻകുണ്ട് റോഡാണ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നത്. കാൽനടയാത്രപോലും പ്രയാസകരമാണ്.

വർഷങ്ങൾക്ക് മുൻപ്‌ നാട്ടുകാരുടെ കൂട്ടായ്മയിലാണ് റോഡുണ്ടായത്. റോഡ് മെറ്റൽചെയ്യാൻ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കഴിഞ്ഞ മഴയിൽ റോഡ് പലയിടങ്ങളിലായി കുത്തിയൊലിച്ചനിലയിലായി. ചിലയിടങ്ങളിൽ ഒരു മീറ്ററിലധികം ആഴത്തിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ കണ്ടിവാതുക്കൽ, ആദിവാസിമേഖലയായ നരിക്കോട് മല എന്നീ പ്രദേശങ്ങളിലേക്കുള്ള എളുപ്പമാർഗംകൂടിയാണിത്.

പൊയിലൂർ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളുടെ കൃഷിഭൂമി ഈ പ്രദേശത്താണ്. റോഡ് തകർന്നതിനെത്തുടർന്ന് കൃഷിയിടങ്ങളിൽനിന്ന് കാർഷികോത്പന്നങ്ങൾ കൊണ്ടുവരാൻപറ്റാത്ത സ്ഥിതിയുമുണ്ട്. വളങ്ങളും മറ്റും കൃഷിയിടത്തിൽ എത്തിക്കാനും പറ്റുന്നില്ല. കഴിഞ്ഞദിവസം പ്രദേശത്തെ കർഷകർ ഒത്തുകൂടി റോഡിന്റെ ശോച്യാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. എട്ടുമീറ്റർ വീതിയുള്ള റോഡാണിത്.