കരിവെള്ളൂർ: കുണിയൻ പടിഞ്ഞാറേക്കരയിലെ കുഞ്ഞിപ്പുരയിൽ ചന്ദ്രൻറെ വീട്ടുപറമ്പിലെ വാഴക്കുല കാണാൻ ഇപ്പോൾ നാട്ടുകാരുടെ തിരക്കാണ്. ഒരേ കുലയിൽ ചെങ്കദളി കായക്കൊപ്പം റോബസ്റ്റയും വിളഞ്ഞിരിക്കുന്ന കാഴ്ചയാണിവിടെ.

ചെങ്കദളിവാഴയുടെ കന്നാണ് മാസങ്ങൾക്ക് മുൻപ്‌ ചന്ദ്രൻ നട്ടത്. നാലടിയോളം നീളമുള്ള വാഴക്കുലയുടെ പകുതി കായകൾ ചെങ്കദളിയും പകുതി റോബസ്റ്റ കായയുമാണ്. കുലയുടെ തണ്ടിന്റെ പകുതിഭാഗം ചുവന്ന നിറവും പകുതി പച്ച നിറവുമാണുള്ളത്. 22 വർഷം മുൻപാണ് ചന്ദ്രൻ ചെങ്കദളി വാഴകൃഷി തുടങ്ങിയത്.

ബീഡിത്തൊഴിലാളിയായിരിക്കുമ്പോൾ തിരുവനന്തപുരത്തേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴാണ് ചന്ദ്രൻ ചെങ്കദളിവാഴയുടെ കന്ന് വാങ്ങിയത്. പിന്നീട് എല്ലാ കാലത്തും ചന്ദ്രന്റെ വീട്ടുപറമ്പിൽ ചെങ്കദളിയുടെ കുല വിരിഞ്ഞുനിൽക്കാറുണ്ട്. എന്നാൽ മുമ്പോരിക്കൽപ്പോലും ഇതുപോലൊരു സംഭവമുണ്ടായില്ല.