കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ അടിപ്പാത (സബ്‌വേ)യുടെ ഉദ്ഘാടനം കേരളപ്പിറവിദിനമായ നവംബർ ഒന്നിന് നടക്കുമെന്ന് ഡി.ആർ.എം പ്രതാപ്‌സിങ്‌ ഷാമി പറഞ്ഞു. മേൽക്കൂര നിർമാണത്തിന്റെ എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ ആണ് വൈകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കണ്ണൂർ റെയിൽവെ സ്റ്റേഷൻ സന്ദർശിച്ച അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുയായിരുന്നു. പി.കെ ശ്രീമതി എം.പി.യും ഒപ്പമുണ്ടായിരുന്നു.

കണ്ണൂർ റെയിൽവേസ്റ്റേഷന്റെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കെട്ടിടനവീകരണം പുതുവർഷ സമ്മാനമായി പൂർത്തിയാക്കും പഴയ കെട്ടിടങ്ങൾ പൊളിച്ചും നിലനിർത്തേണ്ടവ നിലനിർത്തിയും നവീകരിച്ചും മോടിപിടിപ്പിച്ചുംകൊണ്ടുള്ള നല്ല ഒരു റെയിൽവേ സ്റ്റേഷൻ കെട്ടിടമായിരിക്കും എന്ന്‌ പി.കെ.ശ്രീമതിയും പറഞ്ഞു.

റെയിൽവേ ക്വാർട്ടേഴ്‌സുകൾ മാറ്റി പുതിയ ക്വാർട്ടേഴ്‌സുകൾ ഘട്ടംഘട്ടമായി നൽകും. 24 ഫാമിലി ക്വാർട്ടേഴ്‌സ് പൂർത്തിയായി. മറ്റ്‌ 24 ക്വാർട്ടേഴ്‌സ് മൂന്നാഴ്ചയ്ക്കകം പൂർത്തിയാവും. 48 കുടുംബങ്ങൾക്കാണ് ഒന്നാംഘട്ടം ക്വാർട്ടേഴ്‌സ് വിതരണം ചെയ്യുക. കൂടുതൽ ക്വാർട്ടേഴ്‌സ് എടുക്കുന്നുമുണ്ട്.

പാർക്കിങ്‌ സ്ഥലം

രണ്ടായിരത്തിലധികം വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ പറ്റിയ വലതും മനോഹരവുമായ പാർക്കിങ്‌ ഏരിയ പൂർത്തിയാക്കും. 4500 ചതുരശ്ര അടി വിസ്തീർണമുള്ള പാർക്കിങ്‌ ഏരിയയുടെ നവീകരണപ്രവർത്തനം നടക്കുകൊണ്ടിരിക്കുന്നു. പാർക്കിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ ഇതുകൊണ്ട് കഴിയും.

പ്രവേശനകവാടത്തിലെ എൻട്രി, എക്സിറ്റ്‌വഴികളുടെ നവീകരിച്ച പ്രവൃത്തി ഒക്ടോബർ 15നുള്ളിൽ പൂർത്തിയാക്കും.

നാലാം പ്സാറ്റ് ഫോം

നിർമാണച്ചെലവ് ആറുകോടിയോളം വരുന്ന നാലാം പ്ലാറ്റ് ഫോം പദ്ധതി ടെൻഡർ കഴിഞ്ഞു. ഫണ്ട് അനുവദിച്ചിട്ടുണ്ട്. അതേസമയം, ഭാരത്‌പെട്രോളിയം ഡിപ്പോവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം നിലവിലുണ്ട്. ഇതുസംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. ചെറിയ മാറ്റങ്ങൾ വേണ്ടിവന്നാലും പ്ലാറ്റ്‌ഫോം യാഥാർഥ്യമാക്കുന്നതിൽ മറ്റ് തടസ്സങ്ങൾ ഒന്നുമില്ല. ഡിവിഷണൽ എൻജിനീയർമാരായ മുഹമ്മദ് ഇസ്‌ലാം, ജയകൃഷ്ണൻ, വി.രാമചന്ദ്രൻ, പി.ആർ.ഒ. ഗോപിനാഥൻ, സ്റ്റേഷൻ ഇൻചാർജ് കെ.അജിത്ത്‌, ഡെപ്യൂട്ടി മാനേജർ എം.കൃഷ്ണൻ തുടങ്ങിയവർ ഒപ്പുമുണ്ടായിരുന്നു.

ഒരു ലിഫ്റ്റും എക്സലേറ്ററും കൂടി സ്ഥാപിക്കും

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഒരു ലിഫ്റ്റും ഒരു എക്സലേറ്ററും പുതുതായി സ്ഥാപിക്കും. രണ്ട്-മൂന്ന്‌ പ്ലാറ്റുഫോമുകളിൽ ടോയ്‌ലറ്റ് സ്ഥാപിക്കും. ഏറെക്കാലമായി ആവശ്യം ഉയരുന്ന പിറ്റ്‌ലൈനിന് സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.