കണ്ണൂര്‍: കഴിഞ്ഞദിവസം പോലീസ് മൈതാനത്ത് നടന്ന റിപ്പബ്ലിക് ദിന ചടങ്ങില്‍ സിറ്റി തയ്യിലിലെ അബ്ദുള്‍റഷീദിന്റെ ഷര്‍ട്ടിന്റെ നെഞ്ചുഭാഗത്ത് മന്ത്രി ഇ.പി.ജയരാജന്‍ കുത്തിക്കൊടുത്ത സര്‍വോത്തം ജീവന്‍ രക്ഷാപഥക് അഴിച്ചെടുക്കാന്‍ പാടുപെടേണ്ടിവന്നു.

എളുപ്പം പറിച്ചെടുക്കാവുന്നതായിരുന്നില്ലല്ലോ പൊന്നുമോന്റെ ഓര്‍മകള്‍. ഒന്നര വര്‍ഷംമുമ്പ്, സ്വന്തം ജീവന്‍ ത്യജിച്ച് സഹോദരനടക്കം രണ്ടുപേരെ മരണച്ചുഴിയില്‍നിന്ന് രക്ഷിച്ച ഇറയത്ത് വീട്ടില്‍ ഇ.പി.ഫിറോസിന്റെ പിതാവാണ് അബ്ദുള്‍ റഷീദ്. മരണാനന്തര ബഹുമതിയായി രാഷ്ട്രം സമ്മാനിച്ച പതക്കം. ഒപ്പമുള്ള സാക്ഷ്യപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ്. അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ' ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി, അന്തരിച്ച മാസ്റ്റര്‍ ഇ.പി.ഫിറോസിന് 2019-ലെ സര്‍വോത്തം ജീവന്‍ രക്ഷാ പതക്കം സമ്മാനിക്കാന്‍ രാഷ്ട്രപതിക്ക് സന്തോഷമുണ്ട്.''

''അവന്‍ നന്നായി പഠിക്കുമായിരുന്നു. അവനില്‍ ഞങ്ങള്‍ ഭാവി സ്വപ്നംകണ്ടു. പക്ഷെ......'' തയ്യില്‍ മൈതാനപ്പള്ളി റോഡില്‍ വാടകവീട്ടില്‍ പതക്കവും സാക്ഷ്യപത്രവും നോക്കി ഉമ്മ സാബിറ വിതുമ്പി. സ്വന്തമായി വീടില്ല ഇവര്‍ക്ക്. മൂന്നുസെന്റ് സ്ഥലമുണ്ട്.

ഫിറോസിന്റെ മരണത്തെതുടര്‍ന്ന് സഹായമായി കിട്ടിയ 2.7 ലക്ഷം രൂപ കൊണ്ട് സ്ഥലത്തിന്റെ ബാധ്യത തീര്‍ത്ത് തറ കെട്ടി. പക്ഷേ ഭിത്തിപണിയാന്‍ പണമില്ല. പെയിന്റിങ് തൊഴിലാളിയാണ് റഷീദ്. ചില്ലറ പണികള്‍ ചെയ്യുന്നു സാബിറ. പലരും സഹായിക്കാമെന്ന് ഏറ്റിട്ടുണ്ടെന്ന് സമാധാനിച്ച് കഴിയുകയാണ് ഈ കുടുംബം.

2108 ജൂലായ് അഞ്ചിനായിരുന്നു സ്വജീവന്‍ കളഞ്ഞുള്ള ഫിറോസിന്റെ ജീവന്‍രക്ഷാ പ്രവര്‍ത്തനം. സിറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഫിറോസ്. വൈകീട്ട് സ്‌കൂള്‍ വിട്ടുവന്ന് ഭക്ഷണം കഴിച്ച് അനുജന്‍ ഫഹദിനും കൂട്ടുകാര്‍ക്കുമൊപ്പം കടലായി കാനാമ്പുഴ കടപ്പുറത്ത് ഫുട്ബോള്‍ കളിക്കാന്‍ പോയതായിരുന്നു. പന്ത് തെറിച്ച് അഴിമുഖത്ത് വീണു. അതെടുക്കാന്‍ ചാടി ഫഹദും മറ്റൊരു കൂട്ടുകാരനും. വെള്ളത്തില്‍ താഴ്ന്നുപോയ ഇരുവരും രക്ഷയ്ക്കായി കൈനീട്ടി. ഫിറോസ് ചാടിയിറങ്ങി. ഓരോരുത്തരെയായി പൊക്കിയെടുക്കുമ്പോഴേക്ക് കാല് ചെളിയില്‍ താഴ്ന്നുപോയി.

രക്ഷിച്ചവരെ മറ്റു കൂട്ടുകാര്‍ കരയ്‌ക്കെത്തിച്ചിരുന്നു. ചെളിയില്‍ ആണ്ടുനില്‍ക്കുന്ന ഫിറോസിനെ വലിച്ചെടുക്കാന്‍ കഴിയാഞ്ഞ് അവര്‍ നിലവിളിച്ചു. പരിസരത്തെങ്ങും ആരും ഇല്ലായിരുന്നു. അകലെ കല്ലുമ്മക്കായ പിടിക്കുകയായിരുന്ന സാബിറയുടെ സഹോദരന്‍ മുജീബ് ഓടിയെത്തുമ്പോഴേക്ക് ഒന്നും കാണാനുണ്ടായിരുന്നില്ല. വെള്ളം പരിചയമുള്ള മുജീബ് കാലുകൊണ്ട് പരതുമ്പോള്‍ ഫിറോസിന്റെ കൈ തടഞ്ഞു. വലിച്ചെടുത്ത് കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

''എന്റെ മോന്‍ കുറേനേരം പിടിച്ചുനിന്നുകാണും''-സാബിറ നെടുവീര്‍പ്പെട്ടു. റിപ്പബ്ലിക് ദിനച്ചടങ്ങിന് സാബിറയും ഫഹദും പോയിരുന്നു. സാധാരണ ഡല്‍ഹിയില്‍ രാഷ്ട്രപതി നേരിട്ട് നല്‍കുകയാണ് പതിവ്. ഇത്തവണ കോവിഡ് കാരണം അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.