‘ചായ വിളി’യും കുപ്പിവെള്ളവുമില്ലാതെ 100 ദിവസം സ്റ്റാളുകളെ റെയിൽവേ വീണ്ടും ഉണർത്തുന്നുകണ്ണൂർ : ചായയും കാപ്പിയും കുപ്പിവെള്ളവുമില്ലാതെ ഉറങ്ങിപ്പോയ റെയിൽവേ പ്ലാറ്റ്‌ഫോമിലെ ചെറിയ സ്റ്റാളുകൾ വീണ്ടും ഉണരും. ഇപ്പോഴത്തെ ലൈസൻസ് ഫീയുടെ മൂന്നുശതമാനം മാത്രം നൽകി ചെറിയ കാറ്ററിങ് സ്റ്റാളുകൾ തുറക്കാൻ റെയിൽവേ കത്ത് നൽകി. എന്നാൽ അഞ്ചിൽ താഴെമാത്രം തീവണ്ടികൾ ഓടുന്ന സാഹചര്യത്തിൽ തുറന്നിട്ട് കാര്യമുണ്ടോ എന്ന ആശങ്കയിലാണ് നടത്തിപ്പുകാർ.

മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ നിർബന്ധമാണെന്ന് റെയിൽവേ വ്യക്തമായ നിർദേശം നൽകുന്നുണ്ട്. ചായക്കപ്പും വെള്ളക്കുപ്പിയും കൈയിൽ കൊടുക്കാതെ കൗണ്ടറിൽ വെക്കണം. പാകംചെയ്ത ആഹാരം വിളമ്പാൻ അനുവാദമില്ല. പാത്രങ്ങളും ഉപകരണങ്ങളും കൃത്യമായി അണുനശീകരണം നടത്തണം. യാത്രക്കാരല്ലാത്തവർക്ക് ഒന്നും വിതരണം ചെയ്യരുതെന്നും പറയുന്നു.

മാർച്ച് 22-നാണ് മുഴുവൻ സ്റ്റാളുകളും അടച്ചത്. നിസാമുദ്ദീൻ-എറണാകുളം മംഗളയും ജാംനഗർ-തിരുനൽവേലി ഹാപ്പ എക്സ്‌പ്രസും ആയിരുന്നു അവസാന രണ്ടുവണ്ടികൾ. വണ്ടി റദ്ദാക്കുന്ന ദിവസത്തിനുമുമ്പ് പുറപ്പെട്ട യാത്രക്കാരാണ് ഓരോ സ്റ്റേഷനിലും ഒരുകുപ്പി വെള്ളത്തിനായി അലഞ്ഞത്.

മൂന്നുമാസത്തിലധികമായി സ്റ്റാൾ പൂട്ടിയിട്ടപ്പോൾ ജീവിതം വഴിമുട്ടിയെന്ന് കണ്ണൂർ സ്റ്റേഷനിൽ സ്റ്റാൾ നടത്തുന്ന ടി.പി.സാദിഖ് പറഞ്ഞു. തുറക്കാൻ റെയിൽവേയുടെ കത്ത് വന്നിട്ടുണ്ട്. വളരെ പരിതാപകരമായ അവസ്ഥയിലാണ് ജീവിതമെന്ന് ആലക്കോട് സ്വദേശി ടി.വി.സന്തോഷും പറഞ്ഞു. കണ്ണൂർ സ്റ്റേഷനിലെ കെ.വി.ആർ. ഫുഡ് പ്ലാസയിലെ കാറ്ററിങ് തൊഴിലാളിയാണ് സന്തോഷ്.

യാത്രക്കാർ ഇപ്പോൾ ഒന്നും വാങ്ങാറില്ലെന്നാണ് നേത്രാവതി എക്സ്‌പ്രസിലെ കാറ്ററിങ് വിഭാഗം പറയുന്നത്. ജനശതാബ്ദിയിലെ ഭൂരിഭാഗം യാത്രക്കാരും ആവശ്യമായ വെള്ളവും ലഘുഭക്ഷണവും കൈയിൽ കരുതുന്നു. പഴയ പ്രതാപവും തിരക്കും ഉണ്ടാവില്ലെന്ന പ്രതീക്ഷയോടെ തന്നെയാണ് നടത്തിപ്പുകാർ ഇനി റെയിൽവേ സ്റ്റേഷനിലെത്തുക.