കണ്ണൂർ: കോർപ്പറേഷൻ മേയർ സുമ ബാലകൃഷ്ണനെ എൽ.ഡി.എഫ്. കൗൺസിലർമാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. ആഹ്വാനംചെയ്ത ഹർത്താൽ നഗരത്തിൽ പൂർണമായി. വാഹനഗാതാഗതത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. കടകൾ അടഞ്ഞുകിടന്നു. കാലത്ത് ആറുമണി മുതൽ 12 മണിവരെയായിരുന്നു ഹർത്താൽ.

അതേസമയം എൽ.ഡി.എഫ്. കൗൺസിലർമാരെ യു.ഡി.എഫ്. കൗൺസിലർമാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. പ്രതിഷേധദിനം ആചരിച്ചു. നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.

കോർപ്പറേഷനിലെ അക്രമം:ടൗൺ പോലീസ് കേസെടുത്തു

കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ നടന്ന അക്രമസംഭവങ്ങളിൽ ടൗൺപോലീസ് രണ്ട് കേസ്സെടുത്തു. മേയർ സുമ ബാലകൃഷ്ണന്റെ പരാതിയിൽ എൽ.ഡി.എഫ് കൗൺസിലർ കെ.പ്രമോദ്, തൈക്കണ്ടി മുരളീധരൻ, എം.രാജീവൻ എന്നിവർക്കെതിരേയും എൽ.ഡി.എഫ്. കൗൺസിലർ കെ.പ്രമോദിന്റെ പരാതിയിൽ ഡപ്യൂട്ടി മേയർ പി.കെ രാഗേഷ്,സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ ടി.ഒ.മോഹനൻ എന്നിവർക്കെതിരേയും കേസ്സെടുത്തു.