കണ്ണൂർ: ജില്ലയിലെ എല്ലാ സർക്കാർ സ്കൂളുകളിലും കഫേശ്രീയുടെ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ഇടവേളകളിൽ വിദ്യാർഥികൾ ചായകുടിക്കാനും മറ്റുമായി പുറത്തുപോകുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. ഇത്തരം ഇടവേളകളിലാണ് മയക്കുമരുന്ന് മാഫിയ കുട്ടികളെ വലയിലാക്കുന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട് കുടുംബശ്രീയുമായി ചർച്ചനടത്തും.

എല്ലാ സ്കൂളിലും സോളാർ പാനൽ, സി.സി.ടി.വി. ക്യാമറകൾ, ഫോട്ടോസ്റ്റാറ്റ് യന്ത്രങ്ങൾ എന്നിവ സ്ഥാപിക്കുന്ന പദ്ധതി മാർച്ച് അവസാനത്തോടെ പൂർത്തിയാകും. 23 സ്കൂളുകളിലും ഒൻപത് ഘടകസ്ഥാപനങ്ങളിലുമാണ് ഇതിനോടകം സോളാർ പാനൽ സ്ഥാപിച്ചത്. ബാക്കിയുള്ള സ്ഥാപനങ്ങളിലെ പണി പുരോഗമിക്കുകയാണ്. കെ.എസ്.ഇ.ബി.യുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയിലൂടെ സ്കൂളുകൾക്ക് വലിയ സാമ്പത്തികലാഭം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യോഗം വിലയിരുത്തി.

ചോദ്യപ്പേപ്പർ വിതരണം ഓൺലൈനാക്കുന്നതിന്റെ ഭാഗമായാണ് സ്കൂളുകൾക്ക് ഫോട്ടോസ്റ്റാറ്റ് യന്ത്രങ്ങൾ നൽകുന്നത്. സാമൂഹവിരുദ്ധരുടെ ആക്രമണം തടയുക, കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തിൽ 23 സ്കൂളുകളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. ജില്ലയിലെ 73 സർക്കാർ സ്കൂളുകളിലാണ് പദ്ധതികൾ നടപ്പാക്കുക.

സ്കൂളുകളിലെ ശൗചാലയ ശുചിത്വവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനാ റിപ്പോർട്ട് അവലോകനംചെയ്യുന്നതിന് 25-ന് യോഗംചേരാനും തീരുമാനിച്ചു. സ്കൂളുകളിൽ നടപ്പാക്കുന്ന ബി പോസിറ്റീവ് പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ഇതിനായി ഡി.ഡി.ഇ.യുടെ നേതൃത്വത്തിൽ എല്ലാമാസവും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ രണ്ടുതവണയും സ്കൂളുകളിൽ യോഗംചേർന്ന് പുരോഗതി വിലയിരുത്തണമെന്നും യോഗം നിർദേശിച്ചു.

കൗൺസലിങ് കേന്ദ്രങ്ങളും തുടങ്ങും

ജില്ലാ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിലുൾപ്പെടുത്തി എല്ലാ സ്കൂളിലും ആധുനിക സൗകര്യങ്ങളോടെയുള്ള കൗൺസലിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും മുന്നിൽ തങ്ങളുടെ പ്രശ്നങ്ങൾ വിശദീകരിക്കാൻ വിദ്യാർഥികൾ തയ്യാറാകുന്നില്ലെന്നും ഇതിനായി പ്രത്യേക സൗകര്യമൊരുക്കണമെന്നുമുള്ള കൗൺസലർമാരുടെ ആവശ്യത്തെത്തുടർന്നാണ് തീരുമാനം. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്കൂളുകളിലാകും പദ്ധതി നടപ്പാക്കുക. തുടർന്ന് എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കും.