പിലാത്തറ : കുളപ്പുറം ഗ്രാമത്തിൽ നൂറ് വീടുകളുടെ മുറ്റത്ത് മത്സ്യക്കുളങ്ങൾ നിർമിച്ചുകൊണ്ടുള്ള മത്സ്യഗ്രാമം പദ്ധതി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. കുളപ്പുറം ഗ്രാമത്തിൽ നടപ്പാക്കിയ പദ്ധതി മാതൃകാപരമാണെന്നും കല്യാശ്ശേരി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേക്കും ഇത് വ്യാപിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. മാർക്കറ്റിൽ വലിയതോതിൽ ആവശ്യക്കാരുള്ള അലങ്കാര മത്സ്യകൃഷിക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.

എം.വിജിൻ എം.എൽ.എ. അധ്യക്ഷതവഹിച്ചു. കേരളാ ക്ലേസ് ആൻഡ്‌ സിറാമിക്സ് ചെയർമാൻ ടി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‌ പി.പി.ദിവ്യ എന്നിവർ മുഖ്യാതിഥികളായി. ടി.ടി.രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം. മാടായി ഏരിയാ സെക്രട്ടറി കെ.പദ്‌മനാഭൻ, ചെറുതാഴം ബാങ്ക് പ്രസിഡൻറ് സി.എം.വേണുഗോപാലൻ, ജില്ലാ പഞ്ചായത്ത് അംഗം സി.പി.ഷിജു, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം.ശോഭ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ.ഷൈനി, പഞ്ചായത്ത് പ്രസിഡൻറ്‌ എം.ശ്രീധരൻ, ടി.വി.ഉണ്ണികൃഷ്ണൻ, ടി.വി.കമല, കെ.ബിന്ദു, ടി.വി.കുഞ്ഞിക്കണ്ണൻ, എം.ദിവാകരൻ, ദീപക് പദ്‌മനാഭൻ, വി.വി.മനോജ്‌കുമാർ എന്നിവർ സംസാരിച്ചു.

ചെറുതാഴം പഞ്ചായത്തിന്റെ സഹായത്തോടെ കുളപ്പുറം വായനശാലയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 73 വീട്ടുമുറ്റങ്ങളിൽ കുളങ്ങൾ നിർമിച്ചുകഴിഞ്ഞു. മത്സ്യം വളർത്തലിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതാണ് പദ്ധതി.