ഇരിട്ടി : കൊറോണ പ്രതിരോധപ്രവർത്തനൾ മലയോരമേഖലയിൽ ഊർജിതമാക്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർവകപ്പുകളുടെയും നേതൃത്വത്തിലാണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയത്. ആറളം പഞ്ചായത്തിൽ കോവിഡ് 19 പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് അവലോകനയോഗം നടത്തി.

നിലവിൽ ആറളം പഞ്ചായത്തിൽ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രതയോടെ പ്രവർത്തിക്കാൻ തീരുമാനിച്ചു. രോഗബാധയുള്ള രാജ്യങ്ങളിൽനിന്നോ, രോഗബാധയുള്ളവരിൽനിന്നോ സമ്പർക്കത്തിൽ ഉണ്ടായിരുന്നവർ എത്തിയാൽ ഉടനെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. ആഘോഷങ്ങളും ചടങ്ങുകളും ഒഴിവാക്കണം. കൂട്ടായ്മകൾ പരമാവധി കുറയ്ക്കണം.

ആവശ്യമായ ഇടപെടലുകൾ നടത്താൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും പോലീസും ഉൾപ്പെടുന്ന ടീമിന് രൂപം നൽകി. പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ, വൈസ് പ്രസിഡന്റ് കെ.വേലായുധൻ, സ്ഥിരംസമിതി അധ്യക്ഷരായ ഡോ. ത്രേസ്യാമ്മ കൊങ്ങോല, റയ്ഹാനത്ത് സുബി, ജോഷി പാലമറ്റം, അംഗം പി.റോസ, മെഡിക്കൽ ഓഫീസർ ഡോ. പ്രിയ സദാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ ബെന്നി ജോർജ്, എസ്.ഐ. ജോർജ് എന്നിവർ സംസാരിച്ചു.

ആറളം ഫാം കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആറളം ഫാമിൽ ജാഗ്രതാസമിതി യോഗം ചേർന്നു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കൽ ഓഫീസർ സുനിൽരാജ്, ആറളം ഫാം സുപ്രണ്ട് വി.പി.മോഹൻദാസ്, ആറളം ഫാം ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡന്റ് കെ.ബി.ഉത്തമൻ, കുടുംബശ്രീ കോ ഓർഡിനേറ്റർ പി.എ.നോബിൻ, ശ്രീകുമാർ, സന്തോഷ്, സ്കൂൾ അധ്യാപകൻ ഷെഹരിയാർ, ജിതേഷ് തുടങ്ങിയവർ സംസാരിച്ചു. ആദിവാസിമേഖലയിലെ ജനങ്ങളിൽ ജാഗ്രതാനിർദേശം നൽകാനും യോഗം തീരുമാനിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പവിത്രൻ സ്വാഗതം പറഞ്ഞു.

കേരളാ-കർണാടക അതിർത്തിമേഖലകളിൽ പരിശോധന കർശനമാക്കി. എക്സൈസ് കമ്മിഷണറുടെ ഉത്തരവുപ്രകാരം മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചാണ് അന്തസ്സംസ്ഥാനപാതയിലൂടെ വരുന്ന വാഹനങ്ങൾ പരിശോധിക്കുന്നത്.

കർണാടകത്തിൽ കൊറോണ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിശോധന കർശനമായാണ് തുടരുന്നത്. വിദേശരാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നവരിൽ ചിലർ ബെംഗളൂരു വിമാനത്തവളത്തിൽ ഇറങ്ങി റോഡ് മാർഗം കേരളത്തിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് അതിർത്തി ചെക്പോസ്റ്റുകളിൽ മുഴുവൻ സമയങ്ങളിലും പരിശോധന കർശനമാക്കിയത്. മാസ്കും കൈയുറകളും ധരിച്ചാണ് കിളിയന്തറ ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ ഏർപ്പെടുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ആളുകളെ കണ്ടെത്തിയാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കും.