ഇരിട്ടി : കൂട്ടുപുഴ പാലം നിർമാണ തടസ്സം പരിഹരിക്കുന്നതിനുള്ള നിർണായകയോഗം ഏപ്രിൽ ഏഴിന് നടക്കും. പാലം നിർമാണത്തിന് അന്തിമാനുമതി നൽകേണ്ട നാഷണൽ വൈൽഡ് ലൈഫ് ബോർഡ് യോഗമാണ് ഡൽഹിയിൽ നടക്കുക. കേന്ദ്ര വനം പരിസ്ഥിതിമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാലത്തിന് അനുകൂലമായി തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കർണാടക വനംവകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് രണ്ട് വർഷമായി പാലം നിർമാണം മുടങ്ങിക്കിടക്കുകയാണ്. നിർമാണത്തിന് അനുമതി ലഭിക്കുന്നതിനായി വിവിധ തലങ്ങളിലുള്ള ശ്രമങ്ങളെത്തുടർന്ന് കർണാടക മുഖ്യമന്ത്രി അധ്യക്ഷനായുള്ള ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ കർണാടക പ്രാദേശികയോഗം നിർമാണത്തിന് അനുകൂലമായ തീരുമാനം എടുത്തിരുന്നു.

പ്രാദേശികയോഗത്തിന്റെ ശുപാർശയനുസരിച്ചാണ് നാഷണൽ വൈൽഡ് ലൈഫ് ബോർഡ് യോഗത്തിൽ പ്രശ്നം അജൻഡയായി ഉൾപ്പെടുത്തിയിരിക്കുന്നത്.

കർണാടക വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ മേഖലാ കമ്മിറ്റി പാലം നിർമാണത്തിന് അനുകൂലമായി തീരുമാനമെടുക്കുകയും സാങ്കേതികമായി വൈൽഡ് ലൈഫ് ബോർഡ് അനുമതികൂടി വേണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് വൈൽഡ് ലൈഫ് ബോർഡിന്റെ കർണാടക പ്രാദേശികഘടകം വിഷയം ചർച്ചക്കെടുത്തത്.

ഈ രണ്ട് സമിതികളുടെയും കർണാടകതല യോഗങ്ങൾ പാലത്തിന് അനുകൂലമായതിനാൽ ഇത് ശരിവെച്ച് ദേശീയ വൈൽഡ് ലൈഫ് ബോർഡ് തീരുമാനം എടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സണ്ണി ജോസഫ് എം.എൽ.എ. പറഞ്ഞു.

2017 ഡിസംബർ 27-നാണ് കൂട്ടുപുഴ പാലം പ്രവൃത്തി കർണാടകത്തിന്റെ മാക്കൂട്ടം ഫസ്റ്റ് വൈൽഡ് ലൈഫ് വാർഡൻ തടഞ്ഞത്. പാലത്തിന്റെ മറുകര എത്തുന്നത് കർണാടകത്തിലെ ഭൂമിയിലെന്നാണ് കാരണം പറഞ്ഞത്. തലശ്ശേരി വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് കൂട്ടുപുഴ പാലം പണിയുന്നത്. മേയോടെ കരാർ കാലാവധി തീരുകയാണ്. ഇതിനുള്ളിൽ നിർമാണം പൂർത്തീകരിക്കാൻ ആവുന്നവിധത്തിൽ അനുമതി കിട്ടിയില്ലെങ്കിൽ പണി ഉപേക്ഷിക്കേണ്ടിവരുമെന്ന് കരാർ കമ്പനിയും മുന്നറിയിപ്പ് നൽകിയിരുന്നു.