ശ്രീകണ്ഠപുരം : മലയോരമേഖലയിലെ വൈദ്യുതിപ്രശ്നങ്ങൾ പരിഹാരിക്കാൻ വഴിതുറക്കുന്ന ചെമ്പേരി 110 കെ.വി. സബ്സ്റ്റേഷൻ നിർമാണം അന്തിമഘട്ടത്തിൽ. ശ്രീകണ്ഠപുരത്തുനിന്ന് ചെമ്പേരിയിലേക്ക് 110 കെ.വി. ലൈൻ വലിക്കുന്ന പ്രവൃത്തി ആരംഭിച്ചതായി അസി. എക്സിക്യൂട്ടീവ് എൻജിനീയർ എൻ.സുശാന്ത് അറിയിച്ചു. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതി യാഥാർഥ്യമാകുന്നത്.

2006-ൽ അനുവദിക്കുകയും 2010-ൽ തന്നെ സ്ഥലമെടുപ്പ് നടത്തുകയും ചെയ്തിട്ടും വിവിധ കോടതികളിലെ നിരവധി കേസുകൾമൂലം നിർമാണം തുടങ്ങാൻ കെ.എസ്.ഇ.ബി.ക്ക് കഴിഞ്ഞിരുന്നില്ല. ശ്രീകണ്ഠപുരം സബ്സ്റ്റേഷനിൽനിന്ന് ചെമ്പേരി സബ്സ്റ്റേഷനിലേക്ക് ലൈൻ വലിക്കുന്നതും ടവർ നിർമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ചില സ്ഥലമുടമകളുമായി തർക്കങ്ങൾ ഉണ്ടായത്. 55 കേസുകളാണ് ഉണ്ടായിരുന്നത്. കൂടാതെ ചില സമരങ്ങളെയും അതിജീവിക്കേണ്ടിവന്നു. ചെമ്പേരിക്കടുത്ത് പൂപ്പറമ്പിലാണ് മൂന്നേക്കർ സബ്സ്റ്റേഷനുവേണ്ടി വാങ്ങിയത്.

ചുറ്റുമതിൽ 2010-ൽ തന്നെ നിർമിച്ചെങ്കിലും കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിലാണ് മറ്റ് പണികൾ തുടങ്ങാനായത്. ശ്രീകണ്ഠപുരത്ത്നിന്ന് കോട്ടൂർ, ചുണ്ടക്കുന്ന്, ഏരുവേശ്ശി വഴി പൂപ്പറമ്പിലേക്കാണ് സബ് സ്റ്റേഷനു വേണ്ടി ലൈൻ വലിക്കുന്നത്. 9.61 കിലോമീറ്റർ ദൂരം ഡബിൾ സർക്യൂട്ട് ലൈൻ വലിക്കുന്നതിനായി 37 ടവറുകൾ നിർമിച്ചു. ചെമ്പേരി സബ് സ്റ്റേഷന്റെ ഭാഗമായുള്ള കൺട്രോൾ മുറിയുടെ നിർമാണവും പൂപ്പമ്പറിൽ പൂർത്തിയായി. തൃശ്ശൂരിലെ സണ്ണി ചെറിയാൻ അസോസിയേറ്റ്സിനാണ് നിർമാണച്ചുമതല.

ചെമ്പേരി, പയ്യാവൂർ, കുടിയാൻമല, നടുവിൽ ഭാഗങ്ങളിലെ ജനങ്ങളുടെ വോൾട്ടേജ് പ്രശ്നങ്ങൾക്ക് പരിഹാരമാകും. അസി. എക്സി. എൻജിനീയർ കെ.അജയ്‌കുമാർ, അസി. എൻജിനീയർമാരായ എൻ.സുശാന്ത്, പി.വി.പ്രസാദ്, സബ് എൻജിനീയർ ടി.വി.ജമീർജാൻ എന്നിവരാണ് സബ് സ്റ്റേഷൻ നിർമാണത്തിന് നേതൃത്വം നൽകുന്നത്. ഏപ്രിൽ ആദ്യവാരത്തോടെ സബ് സ്റ്റേഷൻ കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ.