ചെറുകുന്ന് : ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വട്ടപ്പന്തൽ നിർമാണം പൂർത്തിയായി.

കതിന പൊട്ടിച്ചു. വട്ടപ്പന്തൽ നിർമാണം പൂർത്തിയായത് ഭക്തജനങ്ങളെ അറിയിക്കുന്ന ചടങ്ങാണ് കതിനപൊട്ടിക്കൽ.

അന്നപൂർണേശ്വരിക്ഷേത്ര വിഷുവിളക്കുത്സവത്തിന്റെ ഭാഗമായി നിർമിക്കുന്നതാണ് വട്ടപ്പന്തൽ. 111 തേക്കിൻകാലുകളിലാണ് പന്തൽ നിർമാണം പൂർത്തീകരിച്ചത്. 7500 മടൽ മെടഞ്ഞ ഓലയും 2500 മുളയും കവുങ്ങിന്റെ പടങ്ങും ഉപയോഗിച്ചാണ് പന്തൽ നിർമിച്ചത്.

ഡിസംബർ 18-നാണ് വട്ടപ്പന്തലിന്റെ മുഹൂർത്തത്തൂൺ നാട്ടിയത്. ആറ്ുലക്ഷം രൂപയാണ് നിർമാണച്ചെലവ്. മുഹൂർത്ത തൂണടക്കം 111 തേക്കിൻകാലുകൾ സേവാസമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളും സേവാസമിതി പ്രവർത്തകരും ശ്രമദാനമായാണ് ഉയർത്തിയത്.

കോളങ്കട തറവാട്ടുകാരാണ് പന്തൽ നിർമാണത്തിന്റെ അവകാശികളെങ്കിലും കരാറുകാരെ ഏൽപ്പിച്ചാണ് പന്തൽ നിർമിക്കുന്നത്. ഏപ്രിൽ 13 മുതൽ 21 വരെയാണ് വിഷുവിളക്കുത്സവം. ക്ഷേത്രത്തിൽ ഇപ്പോൾ നവീകരണം നടക്കുകയാണ്. മാർച്ച് 23 മുതൽ ഏപ്രിൽ രണ്ട് വരെ നവീകരണകലശവും നടക്കുന്നുണ്ട്.