ചെറുപുഴ : കണ്ണൂർ-കാസർകോട് ജില്ലകളുടെ മലയോരമേഖലയെ ബന്ധിപ്പിക്കുന്ന മുതുവം-പരുത്തിക്കല്ല്-നെടുവോട്-കുട്ടാപറമ്പ് റോഡ് വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയോരഹൈവേയുമായി ബന്ധിപ്പിക്കുന്ന മഞ്ഞക്കാട്-തിരുമേനി-മുതുവം റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മലയോരഹൈവേയുടെ നിലവാരത്തിൽ 12 മീറ്റർ വീതിയിൽ വികസപ്പിച്ചതോടെയാണ് ഈ റോഡിന് പ്രാധാന്യമേറിയത്. ഈ റോഡ് യാഥാർഥ്യമായാൽ ആലക്കോട്ടുനിന്ന് ചെറുപുഴയിലേക്കും തിരിച്ചുമുള്ള ഏറ്റവും എളുപ്പമേറിയ യാത്രാമാർഗമായി ഇത് മാറും. തളിപ്പറമ്പ്‌ ഭാഗത്തുനിന്ന് വെള്ളരിക്കുണ്ടിലേക്കും മംഗളൂരുവിലേക്കുമുള്ള യാത്രാദൂരത്തിലും 20 കിലോമീറ്ററോളം കുറവുണ്ടാകും. റോഡ് വികസനത്തിനുവേണ്ടി ചെറുപുഴ-ആലക്കോട് പഞ്ചായത്തുകളിലെ ജനങ്ങൾ കർമസമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി.

ചെറുപുഴ-ആലക്കോട് പഞ്ചായത്തുകളിലായി പരമാവധി ഏഴ് കിലോമീറ്റർ റോഡ് മാത്രമാണ് നവീകരിക്കേണ്ടത്. മുതുവം വരെയുള്ള മെക്കാഡം ടാറിടൽ അന്തിമഘട്ടത്തിലാണ്. ഇവിടെനിന്ന് പരുത്തിക്കല്ല് വരെ രണ്ട് കിലോമീറ്റർ ദൂരം നിലവിൽ ടാറിട്ടിട്ടുണ്ട്. പരുത്തിക്കല്ലിൽനിന്ന് ആലക്കോട് പഞ്ചായത്തിലെ നെടുവോട് വരെ മൂന്ന് കിലോമീറ്റർ ജീപ്പ് റോഡുമുണ്ട്. ഇത് പഞ്ചായത്ത് റോഡാണ്. നെടുവോടുനിന്ന് ഒരുകിലോമീറ്റർ മാത്രമാണ് കുട്ടാപറമ്പിനുള്ളത്. പ്രധാനമന്ത്രി ഗ്രാമീൺ സഡക്ക് യോജനപദ്ധതിയിലോ കിഫ്ബി പദ്ധതിയിലോ സമാനമായ മറ്റ് പദ്ധതികളിലോ ഉൾപ്പെടുത്തി നവീകരിക്കണമെന്നാണ് ആവശ്യം. ആയിരത്തോളം കുടുംബങ്ങൾക്ക് ഈ റോഡ് കൊണ്ട് നേരിട്ട് ഉപകാരമുണ്ടാവും. പരുത്തിക്കല്ലിനപ്പുറത്തേക്ക് ഗതാഗതസൗകര്യമില്ലാത്തതിനാൽ നിരവധി കുടുംബങ്ങളാണ് ഇവിടെനിന്ന് കുടിയിറങ്ങിയത്. നൂറുകണക്കിനേക്കർ ഫലഭൂയിഷ്ടമായ കൃഷിഭൂമിയാണ് കാടുപിടിച്ചുകിടക്കുന്നത്. റോഡ് വികസിച്ചാൽ ഇവയെല്ലാം തിരികെപിടിക്കാം.

വേണം കോൺക്രീറ്റ് പാലം

:കുട്ടാപറമ്പ് പുഴയ്ക്ക് കുറുകെ കമ്പിപ്പാലത്തിന് പകരം കോൺക്രീറ്റ് പാലവും നിർമിക്കണം. തകരാറിലായതിനെത്തുടർന്ന് വർഷങ്ങളായി കമ്പിപ്പാലം അടച്ചിട്ടിരിക്കുകയാണ്. റോഡ് യാഥാർഥ്യമാവുന്നതോടെ ആലക്കോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്നും കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിലേക്കും തിരിച്ച് ചെറുപുഴ, ഈസ്റ്റ്-എളേരി പഞ്ചായത്തുകളിലെ ആളുകൾക്ക് മാമ്പൊയിൽ, കാർത്തികപുരം, ചീർക്കാട്, മണക്കടവ്, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ ഇതുവഴി യാത്രചെയ്യാൻ കഴിയും.

റോഡ് വികസിക്കുന്നതോടെ മുതുവം, പരുത്തിക്കല്ല്, നെടുവോട്, കുട്ടാപറമ്പ് തുടങ്ങിയ പ്രദേശങ്ങളുടെ സമഗ്രവികസനം സാധ്യമാകും.

ജനകീയ കമ്മിറ്റിരൂപവത്കരിച്ചു

:ചെറുപുഴ പഞ്ചായത്തിലെ മുതുവത്ത് ചേർന്ന ജനകീയ കമ്മിറ്റി ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്തിനെ ചെയർമാനായും രാജു ഉറുമ്പുകാട്ടിലിനെ കൺവീനറായും തിരഞ്ഞെടുത്തു. സമാനമായരീതിയിൽ ആലക്കോട് പഞ്ചായത്തിലെ നെടുവോടും ജനകീയ കമ്മിറ്റി രൂപവത്കരിച്ച് റോഡിനായി യോജിച്ച പ്രവർത്തനം നടത്താൻ തീരുമാനിച്ചു.

ഇതിനായി ആലക്കോട് പഞ്ചായത്തംഗങ്ങളായ ഫ്രാൻസിസ് മറാലയിൽ, എം.ആർ.ബിന്ദു, ജനകീയ കമ്മിറ്റിയംഗങ്ങളായ തോമസ് നടുതൊട്ടിയിൽ, ഷാജി ഗണപതിപ്ലാക്കൽ, ബേബി മനയത്തുമാരിയിൽ എന്നിവർ ചേർന്ന് ആലക്കോട് പഞ്ചായത്ത് പ്രസിഡന്റിനെ സന്ദർശിച്ച് വിവരങ്ങൾ ധരിപ്പിച്ചു. ഇരിക്കൂർ, പയ്യന്നൂർ എം.എൽ.എ.മാരുടെയും കണ്ണൂർ-കാസർകോട് എം.പി.മാരുടെയും മണ്ഡഡലത്തിൽപ്പെടുന്നതാണ് പ്രദേശങ്ങൾ.