മയ്യിൽ : നിത്യേന ഒട്ടേറെപ്പേർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മയ്യിൽ ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചിട്ടു. ഇതോടെ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും, ബസ് ജീവനക്കാരും, ടാക്സി ഡ്രൈവർമാർ എന്നിവർ വിഷമത്തിലായി. വെള്ളിയാഴ്ച വൈകീട്ടോടെയാണ് മൂത്രപ്പുരയിൽ വെള്ളമില്ലാതായതിനെ തുടർന്ന് അടച്ചിട്ടത്. എന്നാൽ, തുടർന്നും പലരും മൂത്രപ്പുര ഉപയോഗിക്കുന്നതിനാൽ ബസ് സ്റ്റാൻഡിൽ ദുർഗന്ധം പരക്കുകയാണെന്ന് ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരായ കെ.ടി.മിനീഷ്, കെ.സുഭാഷ്, സി.വി.രാജീവൻ, പുലരി രാജീവൻ എന്നിവർ പറഞ്ഞു.

മൂത്രപ്പുരയിൽ വെള്ളമെത്തിച്ച് തുറന്നുപ്രവർത്തിക്കുന്നതിന് ഉടൻ നടപടിയായില്ലെങ്കിൽ ഇതിന്‌ സമീപമുള്ള ടാക്സി സ്റ്റാൻഡ് മാറ്റാനൊരുങ്ങുകയാണിവർ. ശൗചാലയത്തിലേക്ക് പമ്പുചെയ്യുന്ന മോട്ടോർ തകരാറായതിനാലാണ് അടച്ചിട്ടതെന്നും ഉടൻ അറ്റകുറ്റപ്പണികൾ ചെയ്ത് പമ്പിങ് പുനഃസ്ഥാപിക്കുമെന്നും പഞ്ചായത്തംഗം കെ.അജയകുമാർ പറഞ്ഞു.