പാപ്പിനിശ്ശേരി: ദേശീയപാതയ്ക്കരികിൽ സ്ഥാപിച്ച ക്യാമറകൾ ഫലംകാണുന്നു. ബുധനാഴ്ച പുലർച്ചെ 3.25-ന് കാറിലെത്തി മാലിന്യംതള്ളുന്നയാളുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞു. കാർ ഒരു ക്യാമറയിലും ആറുസെക്കൻഡിനുശേഷം അതിന്റെ നമ്പർപ്ലേറ്റ് മറ്റൊരു ക്യാമറയിലും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി വളപട്ടണം പോലീസിൽ വിവരം നൽകിയതിനെത്തുടർന്ന് കാറുടമയെ കസ്റ്റഡി യിലെടുത്തു. തള്ളിയ മാലിന്യം തിരിച്ചെടുപ്പിച്ച് പഞ്ചായത്തിന് പിഴയുമടപ്പിച്ചതിനുശേഷമാണ് വിട്ടയച്ചത്.

സമാനരീതിയിൽ നാലുദിവസംമുൻപ് കെട്ടിടാവശിഷ്ടം തള്ളുന്ന വാഹനവും പിടികൂടി പിഴയിട്ടിരുന്നു. പാപ്പിനിശ്ശേരി പാതയിലൂടെ പോകുന്ന വാഹനങ്ങളുടെ ദൃശ്യം തത്സമയം പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടറിലും സെക്രട്ടറിയുടെ മൊബൈൽ ഫോണിലും ലഭിക്കുന്ന രീതിയിലാണ് ക്യാമറാസംവിധാനം.