കണ്ണൂർ: ജില്ലയിൽ മൂന്ന്‌ തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക്‌ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ട്‌ സീറ്റ്‌ എൽ.ഡി.എഫ്‌. നിലനിർത്തിയപ്പോൾ യു.ഡി.എഫ്‌. ഒരുസീറ്റ്‌ ബി.ജെ.പി.യിൽനിന്ന്‌ പിടിച്ചെടുത്തു. കണ്ണൂർ കോർപ്പറേഷനിലെ എടക്കാട്‌ വാർഡിലും രാമന്തളി പഞ്ചായത്തിലെ ഏഴാംവാർഡിലും എൽ.ഡി.എഫ്‌. വിജയിച്ചപ്പോൾ തലശ്ശേരി നഗരസഭാ ടെമ്പിൾ വാർഡാണ് ബി.ജെ.പി.യിൽനിന്ന്‌ യു.ഡി.എഫ്‌. പിടിച്ചെടുത്തത്.

ടെമ്പിൾ വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥി മുസ്‌ലിം ലീഗിലെ എ.കെ.സക്കരിയ ബി.ജെ.പി. സ്ഥാനാർഥി കെ.അജേഷിനെ 63 വോട്ടിനാണ്‌ തോൽപ്പിച്ചത്‌. നഗരസഭാ കൗൺസിലറായിരുന്ന ബി.ജെ.പി.യിലെ ഇ.കെ.ഗോപിനാഥിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയുടെ ഭൂരിപക്ഷം 70 ആയിരുന്നു. ഇത്തവണ 1,480 വോട്ട് പോൾചെയ്തതിൽ 663 വോട്ട് യു.ഡി.എഫിന് ലഭിച്ചു. ബി.ജെ.പി.-600, എൽ.ഡി.എഫിലെ കെ.വി.അഹമ്മദ് (ഐ.എൻ.എൽ.)-187, സ്വതന്ത്രനായി മത്സരിച്ച മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്ന മുസ്താഖ് കല്ലേരി-30 എന്നിങ്ങനെ വോട്ട് നേടി. എ.കെ.സക്കരിയ മൂന്നാംതവണയാണ് നഗരസഭാ കൗൺസിലറാകുന്നത്. 2005-ൽ മുബാറക് വാർഡിൽനിന്നും 2010-ൽ സെയ്താർപള്ളി വാർഡിൽനിന്നും കൗൺസിലറായിരുന്നു ടെമ്പിൾ വാർഡിൽനിന്ന്‌ വിജയിച്ച സക്കരിയ. മുസ്‌ലിം ലീഗ് തലശ്ശേരി നഗരസഭാ വൈസ് പ്രസിഡന്റായ അദ്ദേഹം വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുകൂടിയാണ്.

കോർപ്പറേഷൻ എടക്കാട്‌ 33-ാം വാർഡിൽ എൽ.ഡി.എഫ്‌. സ്ഥാനാർഥി തൈക്കണ്ടി പ്രശാന്താണ്‌ യു.ഡി.എഫിലെ ഷിജു സതീഷിനെ തോൽപ്പിച്ചത്‌. എൽ.ഡി.എഫ്‌. ഡിവിഷൻ അംഗമായിരുന്ന കുട്ടികൃഷ്ണന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്‌. കഴിഞ്ഞതവണ ‌93 ആയിരുന്ന ഭൂരിപക്ഷം ഇക്കുറി 256 ആയി എൽ.ഡി.എഫ്‌. വർധിപ്പിച്ചു. തൈക്കണ്ടി പ്രശാന്ത്‌ (എൽ.ഡി.എഫ്.)-‌1,275, ഷിജു സതീഷ്‌ (യു.ഡി.എഫ്.)-1,020, അരുൺ ശ്രീധരൻ (ബി.ജെ.പി.)-145 എന്നിങ്ങനെയാണ് വോട്ടുനില.

രാമന്തളി പഞ്ചായത്ത് ഏഴാംവാർഡിൽ എൽ.ഡി.എഫ്‌. സ്ഥാനാർഥി വി.പ്രമോദ് 176 വോട്ടിനാണ്‌ വിജയിച്ചത്. ആകെ പോൾചെയ്ത 814 വോട്ടിൽ പ്രമോദിന് 495 വോട്ട് ലഭിച്ചു. എതിർ സ്ഥാനാർഥി യു.ഡി.എഫിലെ വി.വി.ഉണ്ണിക്കൃഷ്ണന് 319 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടെ ബി.ജെ.പി. സ്ഥാനാർഥി ഉണ്ടായിരുന്നെങ്കിലും ഉപതിരഞ്ഞെടുപ്പിൽ അവർ സ്ഥാനാർഥിയെ നിർത്തിയില്ല.

ഉപതിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ രാമന്തളി പഞ്ചായത്ത് ഭരണം എൽ.ഡി.എഫ്. നിലനിർത്തി. 15 വാർഡുകളിൽ എട്ടെണ്ണം നേടിയാണ് എൽ.ഡി.എഫ്. ഭരണം നിലനിർത്തിയത്. ഏഴിമല പ്രദേശങ്ങളുൾപ്പെടുന്ന വാർഡംഗമായിരുന്ന പരത്തി ദാമോദരന്റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് ആവശ്യമായിവന്നത്.

വോട്ടുകച്ചവടം നടത്തി -ബി.ജെ.പി.

തലശ്ശേരി: നഗരസഭാ ടെമ്പിൾ വാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. വോട്ടുകച്ചവടം നടത്തിയതായി ബി.ജെ.പി. നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് കഴിഞ്ഞതവണത്തേക്കാൾ 219 വോട്ട് കുറഞ്ഞു. കഴിഞ്ഞതവണ 406 വോട്ട് നേടിയ ഐ.എൻ.എൽ. സ്ഥാനാർഥിക്ക് ഇത്തവണ 187 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി.ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 99 വോട്ട് വർധിച്ചു. വോട്ട് മറിച്ചതിനെക്കുറിച്ച് സി.പി.എം. നേതാക്കൾ മറുപടിപറയണം. കെട്ടിവച്ച പണം നഷ്ടമാക്കിയാണ് എൽ.ഡി.എഫ്. വോട്ടുകച്ചവടം നടത്തിയത്. ഘടകകക്ഷിയായ ഐ.എൻ.എല്ലിനെ സി.പി.എം. വഞ്ചിച്ച് ജനാധിപത്യത്തെ കശാപ്പുചെയ്തു. സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ വോട്ടെടുപ്പുദിവസം ഉച്ചമുതൽ വോട്ടുകച്ചവടത്തിനിറങ്ങിയതായി ബി.ജെ.പി. നേതാക്കൾ ആരോപിച്ചു. ജില്ലാ സെക്രട്ടറി എൻ.ഹരിദാസ്, മണ്ഡലം പ്രസിഡന്റ് എം.പി.സുമേഷ്, സ്ഥാനാർഥിയും മണ്ഡലം ജനറൽ സെക്രട്ടറിയുമായ കെ.അജേഷ്, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.പ്രേമൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.